15 October, 2024 06:09:28 PM
കാർഷിക മേഖലയിൽ കൂടുതൽ സ്മാർട്ട് ആവാൻ ഡ്രോണിൽ കൃഷിയിറക്കി കുടുംബശ്രീ
കോട്ടയം: കുടുംബശ്രീ മിഷന്റെ കാർഷിക ഉപജീവന പദ്ധതിയായ ഫാം ലൈവ്‌ലിഹൂഡിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും തെരഞ്ഞെടുത്ത കുടുംബശ്രീ വനിതാ കർഷകർക്ക് ഡ്രോൺ സാങ്കേതികവിദ്യയിൽ ഏകദിന ശിൽപശാല സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസും കുടുംബശ്രീ മിഷനും സംയുക്തമായി സംഘടിപ്പിച്ച ശിൽപശാല എം ജി സർവകലാശാല വൈസ് ചാൻസിലർ ഇൻ ചാർജ് പ്രൊഫ. ഡോ ബീന മാത്യു ഉദ്്ഘാടനം ചെയ്തു.
ശിൽപശാലയിൽ ഡ്രോണിന്റെ പ്രവർത്തന രീതികളും, അറ്റകുറ്റപ്പണികൾ, കേടുപാടുകൾ പരിഹരിക്കൽ എന്നിവ സംബന്ധിച്ച പരിശീലനവും ഫീൽഡ്തല പ്രവർത്തനപ്രദർശനവും സംഘടിപ്പിപ്പിച്ചു. സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസ് ഡയറക്ടർ ഡോ. മഹേഷ് മോഹൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. എസ്. ഷാനവാസ്, കുടുംബശ്രീ മിഷൻ ജില്ലാ കോഡിനേറ്റർ അഭിലാഷ് കെ ദിവാകർ, സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിലെ പ്രൊഫ. ഡോ. കെ.ആർ. ബൈജു, ഡോ. എബിൻ വർഗീസ്, കുടുംബശ്രീ അസിസ്റ്റന്റ് കോഡിനേറ്റർ പ്രകാശ് ബി നായർ, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ രമ്യ രാജപ്പൻ, ഹണിമോൾ രാജു, ജില്ലാ പ്രോഗ്രാം മാനേജർ അനൂപ് ചന്ദ്രൻ, അതിരമ്പുഴ സി ഡി എസ് ചെയർപേഴ്‌സൺ ഷെബീന നിസാർ എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സർക്കാരിന്റെ നമോ ദീദി ഡ്രോൺ യോജന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലെ തിരഞ്ഞെടുത്ത 49 കുടുംബശ്രീ കർഷകർക്ക് ഡ്രോൺ പറത്തുന്നതിൽ പരിശീലനവും ലൈസൻസും നൽകിയിട്ടുണ്ട്്. ഇവർക്ക് 400 അടി ഉയരത്തിൽ വരെ പറത്താൻ കഴിയുന്ന 10 ലിറ്റർ സംഭരണ ശേഷിയുള്ള ഡ്രോണും നൽകി. ഇവർക്കു തിരുവന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിൽ നാലുദിവസത്തെ പരിശീലനവും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്
ഡ്രോൺ ഉപയോഗത്തിലെ സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കുന്നതിനും ചെറിയ കേടുപാടുകൾ പരിഹരിച്ച് ആയാസകരമായി പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനും ശിൽപശാല സംഘടിപ്പിച്ചത്. സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസിന്റെ സഹായത്തോടെ തുടർ പരിശീലനങ്ങളും പരിപാടികളും ആസൂത്രണം ചെയ്യും. സ്‌കൂൾ ഓഫ് എൻവയോൺമെന്റ് സയൻസ് അധ്യാപകരായ അനിൽ ഗംഗാധര, നൗഷാദ് എസ് ഉദയകുമാർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.