09 May, 2025 04:53:42 PM


വിളവെടുപ്പാനന്തര നഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും- മന്ത്രി പി. പ്രസാദ്



കോട്ടയം: ഫലവൃക്ഷ കൃഷിയിൽ വിളവെടുപ്പാനന്തര നഷ്ടങ്ങൾ കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുമെന്നു കർഷക ക്ഷേമ- കാർഷിക വികസന വകുപ്പ് മന്ത്രി പി. പ്രസാദ്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ ഫലവൃക്ഷ കൃഷികൾ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന കൃഷി വകുപ്പും സംസ്ഥാന  ഹോർട്ടിക്കൾച്ചർ മിഷനും  പൂഞ്ഞാർ എംഎൽഎ സർവീസ് ആർമിയും ചേർന്ന് നടപ്പാക്കുന്ന ഫലസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം 1500 കോടി രൂപയോളം വിളവെടുപ്പാനന്തര നഷ്ടമായി ഉണ്ടായി എന്നാണു കണക്കാക്കുന്നത്. ശീതീകരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും മൂല്യവർധിത ഉൽപന്നങ്ങൾ സൃഷ്ടിച്ചും ഈ നഷ്ടം നികത്താൻ സാധിക്കും. എളുപ്പത്തിൽ കേടുവന്നുപോകുന്ന പാളയം കോടൻ പഴം പോലുള്ള ഫലവർഗങ്ങളിൽനിന്നു വൈൻ ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ കാർഷിക സർവകലാശാല കണ്ടുപിടിച്ചിട്ടുണ്ട്. കൃഷിക്കാർക്കും ഇതുപകരിക്കുന്ന രീതിയിൽ ലൈസൻസ് ചട്ടങ്ങളിലടക്കം മാറ്റം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത്. കൃഷി രീതികൾ സ്മാർട്ടാകുന്ന സ്മാർട്ട് ഫാമിങ്ങിലേക്ക് മാറാനുള്ള നടപടികളാണ് സർക്കാർ ഇപ്പോൾ ചുവടുവച്ചിരിക്കുന്നത്. അതിനായി ഒരുക്കിയിട്ടുളള കതിർ ആപ്പ് ഉടൻ സജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.

തിടനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗർ, ഈരാറ്റുപേട്ട ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ഫെർണാണ്ടസ്, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്‌കറിയ പൊട്ടാനിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോർജ് മാത്യൂ അത്യാലിൽ, രേഖാ ദാസ്, ബിജോയ് ജോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.ആർ. അനുപമ, ജില്ലാപഞ്ചായത്തംഗം ഷോൺ ജോർജ്,  ബ്‌ളോക്ക് പഞ്ചായത്തംഗങ്ങളായ ജോസഫ് ജോർജ്, മിനി സാവിയോ, മേഴ്‌സി മാത്യൂ, തിടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ജോർജ്, സ്ഥിരം സമിതി അധ്യക്ഷരായ ഓമന രമേശ്, പ്രിയ ഷിജു ആക്കക്കുന്നേൽ, ജോസ് ജോസഫ് കാവുങ്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ വിജി ജോർജ് വെള്ളൂക്കുന്നേൽ, ജോഷി ജോർജ്, സന്ധ്യാ ശിവകുമാർ, എ.സി. രമേശ്, ജില്ലാ കൃഷി ഓഫീസർ സി. ജോ ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മീന മാത്യൂ, അസിസ്റ്റന്റ് ഡയറക്ടർ അശ്വതി വിജയൻ, ഫലസമൃദ്ധി  ചീഫ് കോഡിനേറ്റർ ജോർജ് ജോസഫ്, കർഷകരായ ജോസഫ് തോമസ് കാവുങ്കൽ എന്നിവർ പ്രസംഗിച്ചു. തുടർന്നു ഫലവർഗങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങൾ എന്ന വിഷയത്തിൽ കുമരകം കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. ജി ജയലക്ഷ്മി ക്ലാസ് നയിച്ചു. സംസ്ഥാന ഹോർട്ടികൾച്ചർ മിഷന്റെ ഫ്രൂട്ട് ന്യൂട്രീഷൻ ഗാർഡൻ പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ ഫലസമൃദ്ധി പദ്ധതിയിലൂടെ കഴിഞ്ഞ സാമ്പത്തികവർഷത്തിൽ 46 ഹെക്ടർ ഭൂമിയിൽ പഴവർഗ കൃഷികൾ നടത്തിയതിനു 126 കർഷകർക്ക് 13,80,000  രൂപ സംസ്ഥാന കൃഷി വകുപ്പിന്റെ സബ്സിഡിയായി നൽകിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 932