24 March, 2021 04:51:49 PM
കന്യാസ്ത്രീകൾക്കെതിരായ ആക്രമണത്തിൽ നടപടിയുണ്ടാകുമെന്ന് അമിത് ഷാ
കോട്ടയം: ഉത്തർപ്രദേശിലെ ത്സാൻസിയിൽ ട്രെയിൻ യാത്രയ്ക്കിടെ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരേ നിയമ നടപടി സ്വീകരിക്കും.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാവ് ജോർജ് കുര്യൻ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതേവിഷയത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ജോർജ് കുര്യൻ പരാതി നൽകി.
ഡല്‍ഹിയില്‍ നിന്ന് ഈ മാസം 19ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്ഗ്രിഗേഷന് ഡല്‍ഹി പ്രോവിന്സിലെ രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ട് വിദ്യാര്‍ഥിനികള്‍ക്കും നേരേയാണ് ബജ്റംഗദൾ പ്രവർത്തകരായ ഒരുസംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.