23 March, 2021 04:05:29 PM
വായ്‌പാ മൊറട്ടോറിയം: പലിശ മുഴുവനായി എഴുതിത്തള്ളാന്‍ കഴിയില്ല - സുപ്രീം കോടതി
ദില്ലി: വായ്‌പാ മൊറട്ടോറിയം കാലാവധി വീണ്ടും നീട്ടണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. വിശ്വാസയോഗ്യമല്ലാത്തതോ വസ്തുനിഷ്ഠമോ അല്ലാത്ത സാമ്ബത്തിക നയങ്ങളില്‍ മാത്രമേ നീതിന്യായ പുനപ്പരിശോധന സാധ്യമാവുകയുള്ളുവെന്നും സര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ വായ്പാ മൊറട്ടോറിയം 2020 ഓഗസ്ത് 31 ല്‍നിന്ന് വീണ്ടും നീട്ടണമെന്നാവശ്യപ്പെട്ട് വിവിവിധ ട്രേഡ് യൂണിയനുകളും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍നിന്നുള്ളവരും ചേര്‍ന്ന് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവേയാണ് കോടതി കേന്ദ്രത്തിന്റെ സാമ്ബത്തിക നയങ്ങളില്‍ നീതിന്യായ പുനപ്പരിശോധന സാധ്യമാകില്ലെന്ന് വ്യക്തമാക്കിയത്.
വായ്പാ മൊറൊട്ടോറിയം നീട്ടില്ലെന്നത് കേന്ദ്ര സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും സാമ്ബത്തിക നയമാണെന്നും അതില്‍ ഉചിതമായ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്.
നേരത്തെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ആര്‍ബിഐ ഇളവ് നല്‍കിയ ആറ് മാസത്തെ മൊറൊട്ടോറിയം കാലാവധിയിലെ എല്ലാ വായ്പകളും എഴുതിത്തള്ളുകയാണെങ്കില്‍ അത് ആറ് ലക്ഷം കോടിക്ക് മുകളില്‍ വരുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ബാങ്കുകള്‍ ഈ കടങ്ങള്‍ എഴുതിത്തള്ളുകയാണെങ്കില്‍ അത് ബാങ്കിങ് മേഖലയെ തന്നെ തകര്‍ക്കുമെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടാണ് പലിശകള്‍ എഴുതിത്തള്ളുന്നതിനു പകരം തിരിച്ചടക്കല്‍ കാലാവധി നീട്ടിനല്‍കിയതെന്നും കോടതി പറഞ്ഞു.