04 February, 2021 01:56:30 PM


നേതാക്കള്‍ക്ക് എന്തുമാകാം! ; ആരോഗ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം




തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ദ്ധിക്കുന്ന ഈ സാഹചര്യത്തില്‍ നേതാക്കള്‍ തന്നെ പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കെ.കെ.ശൈലജ ഉള്‍പ്പെടെ വിവിധ മന്ത്രിമാര്‍ പങ്കെടുത്ത തളിപ്പറമ്പിലെ അദാലത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രിയ്ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യം സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.


ഒട്ടേറെ ആളുകളാണ് സാമൂഹ്യ അകലം പാലിക്കാതെ അദാലത്തില്‍ പങ്കെടുക്കാനെത്തിയത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശമുള്ളപ്പോള്‍ അത് പാലിക്കാതിരിക്കുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നത് പതിവാണ്. അത്തരമൊരു സാഹചര്യം നിലനില്‍ക്കേയാണ് ആരോഗ്യമന്ത്രിയുടെ പരിപാടിയില്‍ പ്രോട്ടോക്കോള്‍ ലംഘനം നടന്നത്.


ഇന്ന് തളിപ്പറമ്പില്‍ നടക്കുന്ന അദാലത്തില്‍ മാസ്‌ക് ധരിച്ചിരുന്നു എന്നല്ലാതെ മറ്റ് പ്രോട്ടോക്കോളുകളൊന്നും പാലിക്കാതെയാണ് നൂറുകണക്കിനു പേര്‍ ഇവിടെ തടിച്ചുകൂടിയത്. പങ്കെടുക്കാനെത്തുന്നവര്‍ക്ക് കസേരകളിട്ട് സ്ഥലമൊരുക്കിയിട്ടുണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ ആള്‍ക്കാര്‍ കൂട്ടംകൂടി നില്‍ക്കുകയും തിക്കിത്തിരക്കുകയും ചെയ്യുന്ന സാഹചര്യമാണുണ്ടായത്. എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ മന്ത്രിമാര്‍ ഇടപെടലുകള്‍ നടത്തിയില്ലെന്നും ആരോപണമപയര്‍ന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K