20 May, 2016 10:04:46 PM
കിട്ടാക്കടം ; പഞ്ചാബ് നാഷനല്‍ ബാങ്കിന് 5,367.14 കോടി രൂപയുടെ നഷ്ടം
ദില്ലി: നാലാം പാദവര്‍ഷ റിപ്പോര്‍ട്ടില്‍ പഞ്ചാബ് നാഷനല്‍ ബാങ്കിന് 5,367.14 കോടി രൂപയുടെ നഷ്ടം. കിട്ടാക്കടമായി വന്‍ തുക വിലയിരുത്തിയതാണ് മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ വന്‍ നഷ്ടത്തിന് വഴിവെച്ചത്. ഇന്ത്യന്‍ ബാങ്ക് ചരിത്രത്തില്‍ ഒരു പാദത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടമാണിത്.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ നാലാം പാദത്തില്‍ 306.56 കോടി രൂപയുടെ ലാഭമാണ് പഞ്ചാബ് നാഷനല്‍ ബാങ്കിനുണ്ടായത്. ഈ പാദത്തിലെ മൊത്തം ആദായം 1.33 ശതമാനം കുറഞ്ഞ് 13,276.19 കോടിയിലത്തെി. കഴിഞ്ഞവര്‍ഷം ഇത് 13,455.65 കോടി ആയിരുന്നു. കിട്ടാക്കടമായി വകയിരുത്തിയ തുകയില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നിരട്ടി വര്‍ധനയുണ്ടായി. 10,485.23 കോടിയാണ് കിട്ടാക്കടമായി വകയിരുത്തിയത്. കഴിഞ്ഞവര്‍ഷം ഇത് 3,834.19 കോടിയായിരുന്നു.
സാമ്പത്തികവര്‍ഷത്തിലാകെ 3,974.39 കോടിയുടെ നഷ്ടമാണ് ബാങ്കിനുണ്ടായത്. 3,061.58 കോടിയുടെ ലാഭമായിരുന്നു കഴിഞ്ഞവര്‍ഷം. ബാലന്‍സ് ഷീറ്റ് ശുദ്ധീകരിച്ച്, കുഴപ്പത്തിലായ അക്കൗണ്ടുകളെ നിഷ്ക്രിയ ആസ്തികളായി തരംതിരിക്കണമെന്ന് റിസര്‍വ് ബാങ്ക് രാജ്യത്തെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതത്തേുടര്‍ന്നാണ് കിട്ടാക്കടമായി വന്‍തുക വകയിരുത്തിയത്.