06 December, 2020 06:40:35 AM
കൊട്ടിക്കലാശമില്ല; അഞ്ചു ജില്ലകളിൽ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് അവസാനിക്കും
തിരുവനന്തപുരം: കൊട്ടിക്കലാശത്തിന്റെ ആരവങ്ങളില്ലാതെ ആദ്യ ഘട്ട തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു ജില്ലകളിലെ പരസ്യ പ്രചാരണത്തിന് ഇന്നു സമാപനം. ചൊവ്വാഴ്ച വോട്ടെടുപ്പു നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഇന്നു വൈകുന്നേരം ആറിനു പരസ്യ പ്രചാരണ പ്രവർത്തനങ്ങൾ അവസാനിക്കും.
ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ തുറന്ന വാഹനങ്ങളിൽ വോട്ടർമാരെ നേരിട്ടു കാണുന്നതിനായുള്ള ഓട്ട പ്രദക്ഷിണത്തിലാണ് മൂന്നു മുന്നണി സ്ഥാനാർഥികളും സ്വതന്ത്രരും. മൂന്നു വാഹനത്തിൽ കൂടരുതെന്നാണു തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം.
വൈകുന്നേരം ആറിനുശേഷം പുറത്തു നിന്നെത്തിയ നേതാക്കൾ വാർഡ് വിടണം. നിരീക്ഷിക്കാൻ ഉദ്യോഗസ്ഥരേയും ഏർപ്പെടുത്തി. ചട്ടലംഘനമുണ്ടായാൽ സ്ഥാനാർഥിക്കെതിരേയാണു നടപടി. ചൊവ്വാഴ്ച രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്.