12 October, 2020 08:47:29 AM


ഈന്തപ്പഴത്തിലൂടെ സ്വര്‍ണ്ണക്കടത്ത്, ഡോളര്‍ കടത്ത്: ശിവശങ്കറിന് ബന്ധമെന്ന് അന്വേഷണസംഘം



കൊച്ചി : സ്വര്‍ണക്കടത്തിനു പുറമേ ഈന്തപ്പഴം വിതരണം, ഡോളര്‍ കടത്ത് എന്നിവയിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കസ്റ്റംസ് നീക്കം. മൂന്നു സംഭവങ്ങളുടെയും പരസ്പരബന്ധം കണ്ടെത്തി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ നാളെ ചോദ്യചെയ്യുന്നതോടെ ഇക്കാര്യത്തില്‍ തീരുമാനമാകും. മൂന്നിലും ശിവശങ്കറിന്റെ ബന്ധം തിരിച്ചറിഞ്ഞെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.


കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലെ ചോദ്യംചെയ്യലില്‍ കസ്റ്റംസ് ഉന്നയിച്ച പല ചോദ്യത്തിനും ശിവശങ്കറിനു വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. ഇതേസമയം സ്വപ്‌ന സുരേഷ്, പി.എസ്. സരിത്ത് എന്നിവരെ ജയിലില്‍വച്ചു ചോദ്യംചെയ്തിരുന്നു. ശിവശങ്കറിന്റെ പങ്കു വെളിപ്പെടുത്തുന്ന മൊഴികളാണ് ഇവര്‍ നല്‍കിയത്. ശിവശങ്കര്‍ എല്ലാം നിഷേധിക്കുകയും ചെയ്തു. തത്സമയ ചോദ്യംചെയ്യലുകളില്‍ വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചെന്നു കസ്റ്റംസ് വ്യക്തമാക്കി.


സ്വര്‍ണക്കടത്ത്, ഈന്തപ്പഴം വിതരണം, ഡോളര്‍ കടത്ത് എന്നിവ തമ്മില്‍ കണ്ടെത്തിയ പരസ്പരബന്ധം ശിവശങ്കറിനു കുരുക്കായേക്കും. ഈന്തപ്പഴം, ഡോളര്‍ സംഭവങ്ങളില്‍ ശിവശങ്കറെ ഉള്‍പ്പെടുത്തി എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യുന്നതിനു കസ്റ്റംസ് നിയമോപദേശം തേടിയിട്ടുണ്ട്. ഈന്തപ്പഴം എത്തിക്കാനും വിതരണം ചെയ്യാനും യു.എ.ഇ. കോണ്‍സുലേറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങിയതിനു രേഖകളില്ല.


ശിവശങ്കര്‍ നിര്‍ദേശിച്ചതിനാലാണ് കുട്ടികള്‍ക്കായി ഈന്തപ്പഴം ഏറ്റുവാങ്ങിയതെന്നു ശിശുക്ഷേമ വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ മൊഴി നല്‍കിയിരുന്നു. ഈന്തപ്പഴം മറ്റാര്‍ക്കൊക്കെ ലഭിച്ചെന്നു പ്രാഥമികമായി അന്വേഷിക്കാന്‍ കസ്റ്റംസ് ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തിന്റെ റിപ്പോര്‍ട്ടാണ് കേസെടുക്കുന്നതിലേക്ക് എത്തുന്നത്. ഖുറാനുകള്‍ കൊണ്ടുവന്ന സംഭവത്തില്‍ കേസുണ്ടാകില്ല.


ദുബായില്‍നിന്ന് 2017 മുതല്‍ പല തവണയായി 17,000 കിലോ ഈന്തപ്പഴം കൊണ്ടുവന്നതില്‍ 10,000 കിലോ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ബാക്കിക്കു കണക്കില്ല. ഈന്തപ്പഴത്തിനൊപ്പം സ്വര്‍ണവും കടത്തിയെന്നാണു സംശയം. പ്രതികള്‍ കള്ളക്കടത്ത് തൊഴിലാക്കിയവരാണ്. എന്തിലും കള്ളക്കടത്തിനുള്ള സാധ്യത തെരയുന്ന പ്രതികള്‍ ഈന്തപ്പഴം കൊണ്ടുവന്നതും സ്വര്‍ണക്കടത്ത് ലക്ഷ്യമിട്ടാണെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍.


വിവിധ ഇടപാടുകള്‍ക്കു ലഭിച്ച കമ്മീഷന്‍ ഡോളറാക്കി വിദേശത്തേക്കു കടത്തിയ സംഭവത്തിലും ശിവശങ്കറിന്റെ സഹായം ലഭിച്ചിരുന്നുവെന്നാണ് സ്വപ്‌ന, സരിത്ത്, ബാങ്ക് മാനേജര്‍ എന്നിവരുടെ മൊഴി. സുരക്ഷിത നിക്ഷേപമെന്ന നിലയിലാണു ഡോളറാക്കി കടത്തിയത്. കോണ്‍സുലേറ്റില്‍ ചീഫ് അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദാണു ഡോളര്‍ കടത്തിയതെന്ന് പ്രതികള്‍ പറയുന്നു. വന്‍തുക ഡോളറാക്കാന്‍ ശിവശങ്കര്‍ സ്വാധീനം ചെലുത്തിയെന്നും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു ഡോളര്‍ കടത്ത് മറ്റൊരു കേസായി രജിസ്റ്റര്‍ ചെയ്യാന്‍ ആലോചിക്കുന്നത്.


കസ്റ്റംസ് കേസില്‍ സ്വപ്‌നയ്ക്കും സരിത്തിനുമെതിരേ കോഫെപോസ ചുമത്തുന്നത് എന്‍.ഐ.എ. കേസില്‍ തിരിച്ചടിയാകുമെന്ന് ആശങ്ക. പ്രതികള്‍ സ്ഥിരം കള്ളക്കടത്തുകാരാണെന്ന വാദം പരിഗണിച്ചാണു ജസ്റ്റിസ് പാനല്‍ കോഫെപോസ അനുവദിച്ചത്. ഇതോടെ പ്രതികളെ ഒരു വര്‍ഷം വരെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ കസ്റ്റംസിനാകും. ഇന്നും നാളെയുമായി പ്രതികളുടെ ജാമ്യാപേക്ഷ എന്‍.ഐ.എ. കോടതി പരിഗണിക്കുന്നുണ്ട്. കോഫെപോസെ തടവുള്ളതിനാല്‍ തങ്ങളുടെ കേസില്‍ ജാമ്യം നല്‍കുമോയെന്നാണ് എന്‍.ഐ.എയുടെ ആശങ്ക. ''ഒരു കെട്ട് കെട്ടിയപ്പോള്‍ മറ്റൊരു കേസില്‍ ഊരിപ്പോകുമെന്ന അവസ്ഥ'' എന്നാണ് എന്‍.ഐ.എ. വൃത്തങ്ങള്‍ പ്രതികരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K