03 October, 2025 04:21:35 PM
എന്നെ പ്രകോപിപ്പിച്ചാല്‍ പലതും പറയും, അത് പലർക്കും താങ്ങാനാവില്ല- റിനി ആന്‍ ജോര്‍ജ്

കൊച്ചി: എന്നെ പ്രകോപിപ്പിച്ചാല്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും പറയേണ്ടി വരുമെന്ന് നടി റിനി ആന്‍ ജോര്‍ജ്. തനിക്ക് അറിയാവുന്നതും നേരിട്ട് അനുഭവമുള്ളതുമായ കാര്യങ്ങളുണ്ട്. അത് പറയേണ്ടിവരും. അത്തരം കാര്യങ്ങള്‍ ഇതുവരെ പറയാത്തതിന് കാരണം കാരണം ആ പ്രസ്ഥാനത്തിലെ പല ആളുകളേയും സ്‌നേഹിക്കുന്നുണ്ട് എന്നതുകൊണ്ടാണ്. ആ പ്രസ്ഥാനം ഇനിയും ഉയരങ്ങളിലേക്ക് എത്തണമെന്നുള്ള സാധാരണക്കാരായ പ്രവര്‍ത്തകരുടെ താത്പര്യം ഉള്‍ക്കൊള്ളുന്നതുകൊണ്ടാണ് താന്‍ ഇപ്പോഴും മിണ്ടാതിരിക്കുന്നതെന്നും റിനി മാധ്യമങ്ങളോട് പറഞ്ഞു.
സൈബർ അതിക്രമങ്ങൾക്കെതിരെ പറവൂരിൽ പരിപാടി നടത്തിയത് ഷൈൻ ടീച്ചർക്ക് വേണ്ടി മാത്രമല്ല എല്ലാ സ്ത്രീകൾക്കും വേണ്ടിയാണ്. തനിക്കെതിരെ ഗൂഢാലോചന ആരോപിക്കുന്നവർ അത് തെളിയിക്കണം. വീണ്ടും കൂടുതൽ ആക്രമം ഉണ്ടായാലോ, തന്നെ പ്രകോപിപ്പിച്ചാലോ താൻ പലതും വിളിച്ചുപറയുമെന്നും റിനി വ്യക്തമാക്കി.
"ഇപ്പോഴും ഞാന്‍ ഇവിടെ ഭയത്തോട് കൂടിയാണ് നില്‍ക്കുന്നത്. ഇത് വച്ച് അവര്‍ ഇനി എന്തെല്ലാം കഥകള്‍ പ്രചരിപ്പിക്കുമെന്ന ഭയമുണ്ട്. സ്ത്രീകള്‍ക്ക് വേണ്ടി ഒരക്ഷരം എങ്കിലും സംസാരിക്കേണ്ടതിൻ്റെ ദൗത്യം എനിക്കുകൂടി ഉണ്ടെന്ന് തോന്നിയത് കൊണ്ടാണ് ഇവിടെ വന്ന് സംസാരിക്കുന്നത്," റിനി വേദിയില്‍ പറഞ്ഞിരുന്നു.