07 October, 2020 04:19:47 PM
മന്ത്രി എം.എം. മണിക്ക് കോവിഡ് : സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രി
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതിമന്ത്രി എം.എം. മണിക്ക് കോവിഡ്. ഇന്നാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രിയുമായി അടുത്ത് ഇടപഴകിയവരോടും സ്റ്റാഫിനോടും സ്വയം നിരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ മന്ത്രിയാണ് എം.എം. മണി. നേരത്തെ മന്ത്രിമാരായ തോമസ് ഐസക്കിനും ഇ.പി ജയരാജനും വി.എസ്. സുനിൽ കുമാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇവർ കോവിഡ് നെഗറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഡിസ്ചാർജ് ആയി. കഴിഞ്ഞദിവസം പേരാവൂർ എം എൽ എ സണ്ണി ജോസഫിനും ബാലുശ്ശേരി എം എൽ എ പുരുഷൻ കടലുണ്ടിക്കും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.