17 September, 2020 06:48:00 PM


76 ട്രേഡുകള്‍; 22000 സീറ്റുകള്‍: ഗവ. ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ഓണ്‍ലൈനില്‍



തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഐ.ടി.ഐ കളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. കോവിഡ്-19 മഹാമാരിയുടെ  പശ്ചാത്തലത്തില്‍, വീട്ടിലിരുന്നുതന്നെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ കഴിയുന്ന വിധം  ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 24.09.2020 ആണ്. https:itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയും https:det.kerala.gov.in എന്ന വെബ്സൈറ്റില്‍ ഉള്ള ലിങ്ക് മുഖേനയും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്.  ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വകുപ്പ് വെബ്സൈറ്റിലും (https:det.kerala.gov.in) അപേക്ഷ സമര്‍പ്പിക്കേണ്ട പോര്‍ട്ടലിലും (https:itiadmissions.kerala.gov.in) ലഭ്യമാണ്.


വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച് ആ പോര്‍ട്ടലില്‍ തന്നെ ഓണ്‍ലൈന്‍ മുഖേന 100/- രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ..ടി.ഐ കളിലേയ്ക്കും പ്രവേശനത്തിന് അപേക്ഷിക്കാം.  അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്സ് വേര്‍ഡും ഉപയോഗിച്ച് അപേക്ഷ സമര്‍പ്പിക്കുവാന്‍ അനുവദിച്ചിരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ തിരുത്താവുന്നതാണ്. നിശ്ചിത തീയതിയില്‍ ഓരോ ഐ.ടി.ഐയുടെയും വെബ്സൈറ്റില്‍ റാങ്ക് ലിസ്റ്റും അനുബന്ധവിവരങ്ങളും പ്രസിദ്ധീകരിക്കുന്നതാണ്.  റാങ്ക് ലിസ്റ്റുകള്‍ ഐ.ടി.ഐ കളിലും പ്രസിദ്ധീകരിക്കും. 


അപേക്ഷ സ്വീകരിക്കുന്നത് മുതല്‍ അഡ്മിഷന്‍ വരെയുള്ള വിവരങ്ങള്‍ യഥാസമയം എസ്.എം.എസ് മുഖേന ലഭിക്കുന്നതാണ്. ആയതിനാല്‍ പ്രവര്‍ത്തനക്ഷമമായ സ്വന്തം മൊബൈല്‍ നമ്പര്‍ മാത്രം അപേക്ഷാസമര്‍പ്പണത്തിന് ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാനത്തെ 14 വനിത ഐ.ടി.ഐകള്‍ ഉള്‍പ്പെടെ 99 സര്‍ക്കാര്‍ ഐ.ടി.ഐ കളിളെ 76 ട്രേഡുകളിലായി 22000 ത്തോളം ട്രെയിനികള്‍ക്ക് പ്രവേശനം ലഭിയ്ക്കും. പത്താം ക്ലാസ്സ് തോറ്റവര്‍ക്ക് അപേക്ഷിക്കാവുന്ന നോണ്‍മെട്രിക് ട്രേഡുകളും പത്താം ക്ലാസ്സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K