06 September, 2020 07:28:46 PM
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം: മുന്നറിയിപ്പുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
കോട്ടയം: തെക്ക്-കിഴക്ക് അറബിക്കടലിലും , അതിനോട് ചേർന്നുള്ള മധ്യ-കിഴക്ക് അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം,ഇടുക്കി,മലപ്പുറം
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്‌മമായി വിലയിരുത്തേണ്ടതുമാണെന്ന് ഓറഞ്ച്, മഞ്ഞ അലെർട്ടുകളുടെ പശ്ചാത്തലത്തിൽ ജില്ലാ കളക്ടർമാർക്കുള്ള പ്രത്യേക നിർദ്ദേശത്തില്‍ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സൂചിപ്പിക്കുന്നു. മറ്റ് നിര്‍ദ്ദേശങ്ങള്‍ ചുവടെ.
ഇടുക്കി ജില്ലയിൽ പെയ്യുന്ന മഴ എറണാകുളം, കോട്ടയം ജില്ലകളിലെ അപകട സാധ്യത കൂടുതൽ വർധിപ്പിക്കും. ആയതിനാൽ സമീപ ജില്ലകളിലെ സ്ഥിതിഗതികൾ കൂടി വിലയിരുത്തി കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തണം. ഡാമുകളുടെ റൂൾ curve കൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെറിയ ഡാമുകളിൽ നേരത്തെ തന്നെ തയ്യാറെടുപ്പുകൾ നടത്താനും വൈദ്യുതിവകുപ്പ്, ഇറിഗേഷൻ, വാട്ടര്‍ അതോറിറ്റി വകുപ്പുകൾക്ക് നിർദേശം നൽകേണ്ടതാണ്. നദികളിലെ ജലനിരപ്പ് ഉയരുന്നത് സംബന്ധിച്ച് പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്.
ഇത്തരം മുന്നറിയിപ്പുകളുടെ ഘട്ടത്തിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും മറ്റ് സർക്കാർ സംവിധാനങ്ങളും ഏത് തരത്തിലാണ് പ്രവർത്തിക്കേണ്ടത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിശദമായ മാർഗ്ഗ രേഖ 'ഓറഞ്ച് ബുക്ക് 2020' ലൂടെ തയ്യാറാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസ്തുത മാർഗ്ഗരേഖക്ക് അനുസൃതമായി ജില്ലയിൽ ദുരന്ത പ്രതിരോധ-പ്രതികരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്.
നിലവിലെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഓറഞ്ച് ബുക്ക് 2020 ൽ വൾനറബിൾ ഗ്രൂപ്പ് എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന (പേജ് നമ്പർ 58, ഓറഞ്ച് ബുക്ക് 2020) വിഭാഗങ്ങൾക്കായി ക്യാമ്പുകൾ തയ്യാറാക്കി ആവശ്യമായ ഘട്ടങ്ങളിൽ ആളുകളെ മുൻകൂട്ടി തന്നെ മാറ്റി താമസിപ്പിക്കേണ്ടതാണ്. കോവിഡ് 19 മഹാമാരിയുടെ കൂടി പശ്ചാത്തലത്തിൽ ക്യാമ്പുകളുടെ പ്രവർത്തനം എങ്ങനെയായിരിക്കണമെന്ന് ഓറഞ്ച് ബുക്ക് 2020 ൽ വിശദീകരിച്ചിട്ടുണ്ട്. അത് പാലിച്ചു കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും റെവന്യൂ വകുപ്പിന്റെയും ഏകോപനത്തോടെ ക്യാമ്പുകൾ സംഘടിപ്പിക്കേണ്ടതാണ്.
താലൂക്ക് കൺട്രോൾ റൂമുകളും ജില്ലാ കൺട്രോൾ റൂമുകളും ആഴ്ചയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രാദേശികമായ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും. ആയതിനാൽ ജില്ലയിലെ ദുരന്ത സാധ്യത മേഖലകളിലെ ദുരന്ത പ്രതികരണ സംവിധാനങ്ങളെ മഴ തുടരുന്ന സാഹചര്യത്തിൽ അലേർട്ട് ആക്കി നിർത്തേണ്ടതാണ്.
മലയോര മേഖലയിൽ മഴ തുടരുന്ന സാഹചര്യം പരിശോധിച്ച് അതിനനുസൃതമായ നടപടികൾ സ്വീകരിക്കേണ്ടതും തദ്ദേശസ്ഥാപന തലത്തിലും വില്ലേജ് തലത്തിലും ജാഗ്രത നിർദേശം നൽകുകയും ശക്തമായ മഴ തുടരുന്ന സാഹചര്യമുണ്ടെങ്കിൽ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുകയും അപകടാവസ്ഥയിൽ (മുകളിൽ സൂചിപ്പിച്ച വൾനറബിൾ ഗ്രൂപ്പിൽ ഉൾപ്പെട്ടവരെ) മാറ്റി താമസിപ്പിക്കുകയും ചെയ്യാവുന്നതാണ്. ഇത്തരം സാഹചര്യം അന്വേഷിച്ച് ഉറപ്പാക്കി പോലീസ്, വനംവകുപ്പ്, ഫയർ ഫോഴ്‌സ്, തദ്ദേശ സ്ഥാപനങ്ങൾ, റെവെന്യു ഉദ്യോഗസ്ഥർ , ഡാം ഓപ്പറേറ്റർമാർ എന്നിവർക്ക് ജാഗ്രത നിർദേശം നൽകുകയും ഇവരുടെയെല്ലാം ഏകോപനം ഉറപ്പാക്കുകയും ചെയ്യേണ്ടതാണ്.