05 August, 2020 10:00:08 PM


'എന്തിനാണ് ഈ ഇരട്ടമുഖം?'; രമേശ് ചെന്നിത്തലയെ വിമർശിച്ച് മുഖ്യമന്ത്രി



തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് രാജാക്കാൻ ശ്രമിക്കുന്നുവെന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം എന്ത് കണ്ടിട്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ പൊലീസിനെ ഏല്പിച്ച സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷനേതാവിന്‍റെ പരാമർശത്തിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. 


ഒരു വശത്ത് ആരോഗ്യപ്രവർത്തകരെ ആക്ഷേപിക്കുന്നുവെന്ന് പറയുക. മറുപക്ഷത്ത് പൊലീസ് ഇടപെടൽ മരവിപ്പിക്കുക. ഇതോടെ കോവിഡ് സംസ്ഥാനത്ത് പടർന്നുപിടിക്കും. ഇതറിയാത്ത ആളാണോ പ്രതിപക്ഷനേതാവ്? എന്തിനാണ് ഈ ഇരട്ടമുഖം എന്നും മുഖ്യമന്ത്രി ചോദിച്ചു. കോവിഡ് പ്രതിരോധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അക്കാര്യത്തിൽ സംസ്ഥാനം ഏറെ മുന്നിലാണ്. എന്നിട്ടും പറയുന്നു, സർക്കാർ പരാജയപ്പെട്ടുവെന്ന്.


ആരോടാണിത് പറയുന്നത്? ജനങ്ങളോടോ? ജനങ്ങളിൽ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു വിഭാഗക്കാർ മാത്രമാണോ ഉള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകൾ ചുമന്നുകൊണ്ടുവന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവർ തന്നെ പേറണമെന്നും മുഖ്യമന്ത്രി അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K