09 July, 2020 08:52:35 PM
'അക്ഷയ കേന്ദ്രങ്ങൾ വഴി കേന്ദ്ര സർക്കാർ സഹായം': വ്യാജ വാർത്തകൾക്കെതിരെ നടപടി
തിരുവനന്തപുരം: കേരളത്തിലെ അക്ഷയ- ഇ കേന്ദ്രങ്ങൾ വഴി കേന്ദ്ര സർക്കാർ സൗജന്യമായി ധനസഹായം നൽകുന്നു എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാപകമായ തോതിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സേവനങ്ങൾക്കായി അക്ഷയകേന്ദ്രങ്ങളിൽ സമീപിക്കുന്ന നിരവധിപേർക്ക് ഇതുമൂലം ആശങ്കയും ഉണ്ടാക്കുന്നുണ്ട്. ഇത്തരം വ്യാജ വാർത്തകൾ കണ്ടു അക്ഷയ കേന്ദ്രങ്ങളിൽ എത്തുന്ന അന്വേഷണങ്ങൾ മൂലം കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിന് പോലും പലപ്പോഴും തടസ്സം നേരിടുന്നു.
ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ വ്യാജവാർത്തകൾ കണ്ടു വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം എന്ന് അക്ഷയ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ അഭ്യർത്ഥിച്ചു. മാത്രമല്ല ഇത്തരത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമപരമായി കർശന നടപടി കൈക്കൊള്ളുമെന്നും ഡയറക്ടര്‍ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള സേവനങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ സംസ്ഥാന കേന്ദ്ര സർക്കാരുകളുടെ ബന്ധപ്പെട്ട വകുപ്പുകളുടെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയോ പത്ര മാധ്യമങ്ങൾ വഴിയോ നൽകുന്നതായിരിക്കും.