28 May, 2020 01:10:14 AM
'അദ്ദേഹത്തിന് ആരോപണമില്ലാത്ത എന്തെങ്കിലും കാര്യമുണ്ടോ?'; ചെന്നിത്തലയ്ക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: ബെവ്ക്യൂ ആപ്പിൽ വൻ ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണത്തിനെതിരെ മുഖ്യമന്ത്രി. 'അദ്ദേഹത്തിന് ആരോപണമില്ലാത്ത എന്തെങ്കിലും കാര്യമുണ്ടോ' എന്ന് ചോദിച്ച മുഖ്യമന്ത്രി അതൊന്നും നാട് സ്വീകരിക്കുന്നില്ലെന്നും പറഞ്ഞു. സർക്കാർ ഒരു അഭിപ്രായം വെച്ചാൽ അതിനെ എതിർക്കാൻ മാത്രമാണ് പ്രതിപക്ഷം നോക്കുന്നത്. ഇതിൽ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഓൺലൈൻ മദ്യവിതരണത്തിന് ഫെയർകോഡ് കമ്പനിയെ തെരഞ്ഞെടുത്തതിന് പിന്നിൽ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. മാനദണ്ഡപ്രകാരം മുൻപരിചയമുള്ളവർക്കാണ് കരാർ നൽകേണ്ടിയിരുന്നത്.
എന്നാൽ, പരിചസമ്പന്നരായ കമ്പനികളെ തഴഞ്ഞാണ് ഫെയർകോഡിനെ തെരഞ്ഞെടുത്തത്. ഫെയർകോഡിന് വെർച്വൽ ക്യൂ രീതിയിൽ പരിചയസമ്പത്തില്ല. അവരെ തെരഞ്ഞെടുത്തത് നടപടിക്രമം നോക്കാതെയാണ്. സി.പി.എമ്മിൻെറ സഹയാത്രികൻെറ കമ്പനിയാണിത്. പൊതുമേഖലയായ ബെവ്കോയുടെ അന്ത്യകൂദാശയാണ് സംഭവിക്കാൻ പോകുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.