16 May, 2020 07:52:45 PM


ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവൽക്കരിക്കും; കൂടുതൽ മേഖലകളില്‍ വിമാന സർവീസ്



ദില്ലി: രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ. കേന്ദ്ര സര്‍ക്കാരിന്‍റെ 20 ലക്ഷം കോടി രൂപയുടെ 'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍' പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ 60% എയര്‍സ്‌പേസ് മാത്രമാണ് യാത്രാ സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്. ബാക്കിയുള്ളവ പ്രതിരോധ വകുപ്പിന്‍റെ നിയന്ത്രണത്തിലാണ്. എയര്‍ സ്‌പേസിന്‍റെ പരമാവധി ഉപയോഗം സാധ്യമാകുന്നതിലൂടെ ഇന്ധനഉപഭോഗവും സമയവും കുറയ്ക്കാന്‍ സാധിക്കും.


ഇതിലൂടെ വ്യോമ മേഖലയ്ക്ക് പ്രതിവര്‍ഷം ആയിരം കോടിയുടെ ലാഭമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ലോകോത്തര നിലവാരമുള്ള വിമാനത്താവളങ്ങള്‍ രാജ്യത്തുണ്ടാക്കും. ഇതിന്‍റെ ഭാഗമായി ആറ് വിമാനത്താവളങ്ങള്‍ പി.പി.പി.യിലാക്കി. ഇതില്‍ മൂന്നെണ്ണം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കാണ് (എ.എ.ഐ) നല്‍കിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ആറ് വിമാനത്താവളങ്ങളില്‍നിന്നും ആയിരംകോടി രൂപ വരുമാനം ലഭിക്കും.


നിലവില്‍ ഇത് പ്രതിവര്‍ഷം 540 കോടിരൂപയാണ്. എ.എ.ഐ.ക്ക് 2,300 കോടിയുടെ ഡൗണ്‍ പേയ്‌മെന്റ് ലഭിക്കും. രണ്ടാം ഘട്ടത്തിലേക്കുള്ള ആറ് വിമാനത്താവളങ്ങള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ ലേലവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടന്‍ നടത്തും. ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലുമായി 12 വിമാനത്താവളങ്ങള്‍ ലേലം ചെയ്യും. ഇതിലൂടെ 13,000 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംഘട്ടത്തില്‍ ആറു വിമാനത്താവളങ്ങള്‍ കൂടി ലേലം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K