15 May, 2020 09:37:33 PM
'സാറിട്ടിരിക്കുന്ന ഡ്രസൊന്നും ഞാൻ കാണുന്നില്ല, ഓൺലി യുവർ ബോഡി'; വൺപ്ലസ് എത്തി
കൊച്ചി: 'സാറിട്ടിരിക്കുന്ന ഡ്രസൊന്നും ഞാൻ കാണുന്നില്ല, ഓൺലി യുവർ ബോഡി' - 36 വർഷങ്ങൾക്ക് മുമ്പ് ഇറങ്ങിയ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന സിനിമയിൽ ആയിരുന്നു ഈ ഡയലോഗ് നമ്മൾ കേട്ടത്. 'ഏയ് ചുമ്മാ' എന്ന് ശ്രീകുമാർ പറഞ്ഞുവെങ്കിലും അത് സത്യമാകുന്ന രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. സിനിമയിൽ ശ്രീകുമാറിനെ (മോഹൻലാൽ) ഒന്ന് പറ്റിക്കാൻ ഗേളി (നദിയ മൊയ്തു) പറഞ്ഞതായിരുന്നു അത്. കണ്ണട കാട്ടിയാണ് അന്ന് താരം പറഞ്ഞതെങ്കില്‍ സിനിമ ഇറങ്ങി മൂന്ന് പതിറ്റാണ്ട് കഴിയുമ്പോൾ 'നേക്കഡ് ബോഡി' കാണാവുന്ന വിധത്തിലുള്ള മൊബൈലാണ് വിപണയിൽ ഇറങ്ങുന്നത്.
വൺ പ്ലസ് 8 പ്രോയിലാണ് എക്സ് റേ വിഷൻ ഫിൽട്ടർ ക്യാമറ കടന്നുകൂടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുമുമ്പ് ഇതുവരെ ഇത്തരത്തിലൊരു ക്യാമറ ട്രിക്ക് ഒരു സ്മാർട് ഫോണിലും കടന്നു കൂടിയിട്ടില്ല. പുതിയതായി പുറത്തിറങ്ങിയ വൺപ്ലസ് 8 പ്രോയിലാണത്രേ ഈ എക്സ് റേ വിഷൻ സവിശേഷതയുള്ളത്. ഇതിലൂടെ ഫോണിന്‍റെ ഇൻഫ്രാറെഡ് സെൻസറുകളുടെ സഹായത്തോടെ പ്ലാസ്റ്റിക്കിലൂടെയും വസ്ത്രത്തിലൂടെയും വസ്തുക്കൾ കാണാമെന്നാണ് പറയുന്നത്.
വൺപ്ലസ് 8 പ്രോ മൊബൈലിലെ ക്യാമറ ആപ്ലിക്കേഷൻ ആദ്യം ഓപ്പൺ ചെയ്യുക. തുടർന്ന്, ക്യാമറയിലെ 'ഫോട്ടോക്രോം' ഓപ്ഷനിലേക്ക് സ്വൈപ്പ് ചെയ്യുക. തുടർന്ന് ഏതെങ്കിലും കറുത്ത ഒബ്ജക്ടിന് നേരെ പിടിക്കുക. കട്ടി കുറഞ്ഞ കറുത്ത പ്ലാസ്റ്റിക്കിലാണ് ഇത് പ്രവർത്തിക്കുക. ശരിയായ വെളിച്ചത്തിൽ കുറച്ചെങ്കിലും കാണാൻ കഴിയുന്ന കറുത്ത പ്ലാസ്റ്റിക്. കനം കുറഞ്ഞ കറുത്ത ടീ ഷർട്ട് ആണെങ്കിലും കാണാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫോണിന്‍റെ ഇൻഫ്രാറെഡ് സെൻസറുകളെ ആശ്രയിച്ചാണത്രേ ഈ പ്രക്രിയ.
പ്രത്യേകിച്ച്, വസ്ത്രത്തിനുള്ളിലൂടെ കാണാൻ കഴിയും എന്നിരിക്കെ. സ്വകാര്യത ഉൾപ്പെടെയുള്ളത് ലംഘിക്കുന്ന പ്രശ്നങ്ങൾ ഇത് സൃഷ്ടിക്കും. അൺബോക്സ് തെറാപ്പി വീഡിയോയിൽ ഈ ഫിൽട്ടർ വസ്ത്രത്തിനുള്ളിലൂടെ കാണാൻ സാധിക്കുമെന്ന് പറയുന്നു. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഇത് ശരി വെയ്ക്കുകയും ചെയ്തിട്ടുണ്ടത്രേ. പ്രശ്നത്തിന്റെ കാഠിന്യം കണക്കിലെടുത്ത് ഒരു സോഫ്റ്റ് വേർ അപ്ഡേറ്റ് വഴി ഈ ഫീച്ചർ വൺപ്ലസ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.