14 May, 2020 06:10:05 PM
ഒരു രാജ്യം, ഒരു റേഷൻ കാർഡ്: കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേക പദ്ധതിയുമായി ധനമന്ത്രി
ദില്ലി: കുടിയേറ്റ തൊഴിലാളികൾക്ക് അടുത്ത രണ്ട് മാസത്തേക്ക് സൌജന്യ ഭക്ഷ്യധാന്യം വിതരണം ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സാമ്പത്തിക ആശ്വാസ പാക്കേജ് സംബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. റേഷൻ കാർഡ് ഇല്ലാത്ത കുടുംബത്തിന് 5 കിലോ ഗോതമ്പ് അല്ലെങ്കിൽ അരിയും 1 കിലോ കടലയും ലഭിക്കും. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം പ്രകാരമാണിതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാരുകളുമായി ചേർന്നാണ് സൌജന്യ ഭക്ഷ്യധാന്യവിതരണം നടത്തുകയെന്നും നിർമല സീതാരാമൻ അറിയിച്ചു. 8 കോടിയിലധികം കുടിയേറ്റക്കാർക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. ചെലവ് കേന്ദ്രം വഹിക്കും. 3,500 കോടി രൂപ ഇതിനായി ചെലവഴിക്കും. കുടിയേറ്റ തൊഴിലാളികൾക്കുള്ള സൌജന്യ ഭക്ഷ്യധാന്യ വിതരണത്തിന് കേന്ദ്രം മുൻകൈ എടുക്കും. കുടിയേറ്റക്കാരെ തിരിച്ചറിഞ്ഞു കണ്ടെത്തി പൂർണ്ണമായി വിതരണം ചെയ്യുകയും വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക ചെയ്യേണ്ടത് സംസ്ഥാന സർക്കാരുകളാണ് " നിർമല സീതാരാമൻ പറഞ്ഞു.
ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന സംവിധാനം രാജ്യത്ത് നടപ്പാക്കുമെന്ന് നിമല സീതാരാമൻ പറഞ്ഞു. "സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സംവിധാനം 2021 മാർച്ചോടെ നടപ്പാക്കും. ഇതോടെ ഇന്ത്യയിലെ ഏതെങ്കിലും ന്യായ വിലക്കടയിൽ നിന്ന് പൊതുവിതരണ സമ്പ്രദായത്തിലേക്ക് പ്രവേശിക്കാൻ കുടിയേറ്റക്കാർക്ക് സാധിക്കും. നിലവിൽ കുടിയേറ്റ കുടുംബങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിൽ ഭക്ഷണം ലഭ്യമാക്കാൻ കഴിയില്ല. എന്നാൽ ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.
ഈ പദ്ധതി കുടിയേറ്റ ഗുണഭോക്താവിനെ ന്യായ വിലക്കടയിൽ നിന്ന് പൊതുവിതരണസമ്പ്രദായത്തിലൂടെയുള്ള ഭക്ഷ്യധാന്യം വാങ്ങാൻ പ്രാപ്തമാക്കും. ജനസംഖ്യയുടെ 83 ശതമാനം വരുന്ന 23 സംസ്ഥാനങ്ങളിലെ 67 കോടി ഗുണഭോക്താക്കളാണ് നിലവിൽ പൊതുവിതരണസമ്പ്രദായത്തിനുകീഴിലുള്ളത്. 2021 മാർച്ചോടെ എല്ലാ സംസ്ഥാനങ്ങളും ന്യായമായ വില ഷോപ്പ് ഓട്ടോമേഷൻ പൂർത്തിയാക്കും, "ധനമന്ത്രി പറഞ്ഞു.