12 May, 2020 12:41:18 AM
കേരളത്തിലേക്ക് ആദ്യ ട്രയിന്‍ 13ന് ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക്; 15ന് തിരിച്ചും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ട്രയിന്‍ സര്‍വീസ് ഇന്ന് പുനരാരംഭിക്കും. കേരളത്തിലേക്കുള്ള ആദ്യട്രയിന്‍ 13ന് ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടും. കൊങ്കണ്‍ റെയില്‍പാത വഴി തിരുവനന്തപുരത്തേക്കുള്ള ട്രയിനിന് കൊല്ലം, ആലപ്പുഴ, എറണാകുളം ജംഗ്ഷന്‍, തൃശൂര്‍, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, മംഗലാപുരം എന്നീ സ്റ്റോപ്പുകളാണുള്ളത്. 15ന് തിരുവനന്തപുരത്തു നിന്നും ദില്ലിയിലേക്ക് ട്രയിന്‍ പുറപ്പെടും.
ഇന്ത്യന്‍ റെയില്‍വേ പുതിയ റൂട്ടുകളില്‍ കൂടുതല്‍ പ്രത്യേക സേവനങ്ങള്‍ ആരംഭിക്കും. കോവിഡ് 19 കെയര്‍ സെന്ററിനായി 20,000 കോച്ചുകള്‍ റിസര്‍വ് ചെയ്തതിനുശേഷം ലഭ്യമായ കോച്ചുകളുടെ അടിസ്ഥാനത്തില്‍ 300 ട്രെയിനുകള്‍ വരെ ദിവസവും ഓടിക്കും. ആവശ്യമായത്ര ശ്രമിക് സ്‌പെഷല്‍ ട്രയിനുകളാണ് ഇതര സംസ്ഥാനത്ത് കുടുങ്ങിയവരെ കേരളത്തില്‍ എത്തിക്കാനായി ഉപയോഗിക്കുക. ഈ ട്രയിനുകള്‍ റിസര്‍വേഷന്‍ ചെയ്യുന്നതിനുള്ള ബുക്കിംഗ് ഇന്നലെ ഐആര്‍സിടിസി വെബ്‌സൈറ്റില്‍ (http;//www.irctc.co.in) ആരംഭിച്ചിരുന്നു.
റെയില്‍വേ സ്റ്റേഷനിലെ ടിക്കറ്റ് ബുക്കിംഗ് കൗണ്ടറുകള്‍ അടച്ചിടും. കൗണ്ടറുകളില്‍ പ്ലാറ്റഫോം ടിക്കറ്റുകള്‍ ഉള്‍പ്പെടെയുള്ള ടിക്കറ്റുകള്‍ നല്‍കില്ല. സാധുവായ സ്ഥിരീകരിച്ച ടിക്കറ്റുള്ള യാത്രക്കാര്‍ക്ക് മാത്രമേ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രവേശിക്കാന്‍ അനുവാദമുള്ളൂ. യാത്രക്കാര്‍ മുഖാവരണം ധരിക്കേണ്ടതും പുറപ്പെടുമ്പോള്‍ സ്‌ക്രീനിംഗ് നടത്തേണ്ടതും നിര്‍ബന്ധമാണ്. രോഗലക്ഷണമില്ലാത്ത യാത്രക്കാര്‍ക്ക് മാത്രമേ ട്രയിനില്‍ കയറാന്‍ അനുവാദമുള്ളൂ. ട്രയിന്‍ ഷെഡ്യൂള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ യഥാസമയം പ്രത്യേകം നല്‍കും.