09 May, 2020 09:29:03 AM
പ്രവാസികളുമായി നാലാമത്തെ വിമാനവും പറന്നിറങ്ങി; കൊച്ചിയിലെത്തിയ വിമാനത്തിൽ 182 യാത്രക്കാർ
കൊച്ചി: കോവിഡ് വ്യാപനം കണക്കിലെടുത്ത് വിദേശത്തു നിന്ന് മലയാളികളെയും വഹിച്ചുകൊണ്ടുള്ള നാലാമത്തെ വിമാനവും കേരളത്തിലെത്തി. ബഹ്റിനിൽ നിന്നും 182 യാത്രക്കാരുമായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുന്പാശേരി വിമാനത്താവളത്തിലിറങ്ങിയത്.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് വിമാനം ലാൻഡ് ചെയ്തത്. വിമാനത്തിൽ എത്തിയവരെ വൈദ്യ പരിശോധനയ്ക്കു ശേഷം നിരീക്ഷണത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. വ്യാഴാഴ്ച രാത്രി അബുദാബിയിൽ നിന്നെത്തിയ വിമാനമാണ് പ്രവാസികളുമായി കേരളത്തിലെത്തിയ ആദ്യ വിമാനം.
കോഴിക്കോട്ട് വ്യാഴാഴ്ച ദുബായിൽ നിന്നും വെള്ളിയാഴ്ച റിയാദിൽ നിന്നും ഓരോ വിമാനമെത്തിയിരുന്നു. കൊച്ചിയിൽ ഇപ്പോൾ ലാൻഡ് ചെയ്ത വിമാനത്തിലെ 37 പേർ തൃശൂർ ജില്ലയിൽ നിന്നുള്ള വരും 35 പേർ എറണാകുളത്ത് നിന്നുള്ളവരുമാണ്.
കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ നിന്ന് ഓരോരുത്തർ മാത്രമാണുള്ളത്. വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നും വിമാനത്തിൽ ആളുകളുണ്ട്. ഇതുകൂടാതെ കർണാടകയിൽ നിന്ന് മൂന്നു പേരും ഒരു തമിഴ്നാട് സ്വദേശിയും ഇതേ വിമാനത്തിൽ എത്തിയിട്ടുണ്ട്.