05 May, 2020 08:06:01 PM
ലോട്ടറി തിരിച്ചെത്തുന്നു; സംസ്ഥാനത്ത് ലോട്ടറി വിൽപന 18ന് പുനരാരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് ഈമാസം ലോട്ടറി വിൽപന പുനരാരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മേയ് 18 മുതലാണ് ലോട്ടറി വിൽപ്പന പുനരാരംഭിക്കുന്നത്. ജൂൺ ഒന്നിന് ആദ്യ നറുക്കെടുപ്പ് നടക്കും. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് എജൻസികൾക്ക് ആദ്യ 100 ടിക്കറ്റുകൾ വായ്പയായി നൽകും. മൂന്ന് മാസത്തിനകം ഈ ടിക്കറ്റിന്റെ പണം നൽകിയാൽ മതിയാകും - ധനമന്ത്രി പറഞ്ഞു. നശിച്ചുപോയ ടിക്കറ്റുകള്‍ക്കുപകരം അതേ സീരിസ് ടിക്കറ്റുകള്‍ നല്‍കും. വില്പനക്കാര്ക്ക് മാസ്കും കൈയുറകളും നല്‍കും. ഏജന്റുമാർക്കും ആനുകൂല്യങ്ങൾ നൽകും. കമ്മിഷന് തീരുമാനിക്കുന്ന സ്ലാബുകളുടെ പരിധി കുറയ്ക്കുമെന്നും ധനമന്ത്രി അറിയിച്ചു.
മേയ് 10, 13, 16, 19, 22, 25, 28, 31 തീയതികളിൽ നറുക്കെടുക്കാൻ നിശ്ചയിച്ചിരുന്ന പൗർണ്ണമി ആർഎൻ 435, വിൻവിൻ ഡബ്ല്യു 557, സ്ത്രീശക്തി എസ്എസ് 202, അക്ഷയ എകെ 438, കാരുണ്യ പ്ലസ് കെഎൻ 309, നിർമൽ എൻആർ 166, പൗർണ്ണമി ആർഎൻ 436, സമ്മർ ബമ്പർ ബിആർ 72 ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് യഥാക്രമം ജൂൺ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25 തിയതികളിൽ നടത്തും. ജൂൺ ഒന്നു മുതൽ 30 വരെയുള്ള എല്ലാ ടിക്കറ്റുകളും റദ്ദുചെയ്ത് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഉത്തരവായി.