04 May, 2020 08:50:17 PM
മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി: കുടുംബശ്രീ ലോൺ ഇനി അയൽക്കൂട്ടങ്ങൾ വഴി
തൃശൂര്‍: മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പ പദ്ധതി പ്രകാരം കുടുംബശ്രീ നൽകുന്ന വായ്പകൾ അയൽക്കൂട്ടങ്ങൾ വഴി നൽകും. വ്യക്തിഗത വായ്പകളായിട്ടല്ല അയൽക്കൂട്ടങ്ങൾക്കാണ് വായ്പകൾ നൽകുന്നതെന്ന് കളക്ടർ എസ് ഷാനവാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.
അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ വ്യക്തിഗത വായ്പയെടുത്തിട്ടുണ്ടെങ്കിൽ അയൽക്കൂട്ടങ്ങൾക്ക് വായ്പ ലഭിക്കുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് വിവിധ ബാങ്കുകളുടെയും കുടുംബശ്രീ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തത്.
വിവിധ ബാങ്കുകൾ വഴി ജില്ലയിൽ രണ്ട് കോടിയോളം രൂപ വായ്പയായി നൽകിയിട്ടുണ്ട്. 9477 അയൽക്കൂട്ടങ്ങൾ വഴി 1,15,959 അംഗങ്ങൾ വായ്പയ്ക്കായി സി ഡി എസ് മുഖാന്തരം ബാങ്കിൽ അപേക്ഷിച്ചിട്ടുണ്ട്. ജില്ലയിൽ 184 കോടി രൂപയാണ് സഹായഹസ്തം പദ്ധതി വഴി അനുവദിച്ചിരിക്കുന്നത്. 5000 രൂപ മുതൽ 20000 രൂപ വരെയാണ് വായ്പ അനുവദിക്കുന്നത്.