22 April, 2020 11:52:04 AM
റിലയൻസ് ജിയോയും ഫേസ്ബുക്കും തമ്മിൽ 43574 കോടി രൂപയുടെ കരാർ
മുംബൈ: ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോയുമായി ഏറ്റവും വലിയ സോഷ്യൽ നെറ്റ്വർക്കിങ് സൈറ്റായ ഫേസ്ബുക്ക് കൈകോര്‍ക്കുന്നു. റിലയന്‍സ് ജിയോയുടെ 5.7 ബില്യൺ ഡോളർ അഥവാ 43,574 കോടി രൂപയുടെ ഓഹരി അമേരിക്കൻ വമ്പൻമാരായ ഫേസ്ബുക്ക് വാങ്ങി. ഫേസ്ബുക്ക് ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
ഫേസ്ബുക്കിനെ ജിയോ പ്ലാറ്റ്ഫോം ലിമിറ്റഡിലെ ഏറ്റവും വലിയ ന്യൂനപക്ഷ ഓഹരി ഉടമയാക്കിമാറ്റുന്നതാണ് ഈ ഇടപാട്. ഇത് അതിവേഗം വളരുന്ന ഇന്ത്യൻ ഡിജിറ്റൽ വിപണിയിൽ ഫേസ്ബുക്കിന് കൂടുതൽ കരുത്തേകുമെന്ന് വിലയിരുത്തുന്നു. കൂടാതെ എണ്ണവിപണിയിലും ടെലികോം മേഖലയിലുമുണ്ടാകുന്ന നഷ്ടം ഗണ്യമായി കുറയ്ക്കാൻ പുതിയ ഇടപാടിലൂടെ റിലയൻസിന് സാധിക്കും.
ഈ നിക്ഷേപം ഇന്ത്യയോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണെന്നും രാജ്യത്ത് ജിയോ കൊണ്ടുവന്ന ഡിജിറ്റൽ വിപ്ലവം ആവേശകരമാണെന്നും ഫേസ്ബുക്ക് പറയുന്നു. "നാല് വർഷത്തിനുള്ളിൽ 388 ദശലക്ഷത്തിലധികം ആളുകളെ ഓൺലൈനിലേക്ക് ജിയോ കൊണ്ടുവന്നിട്ടുണ്ട്, ഇത് നൂതനമായ പുതിയ സംരംഭങ്ങളുടെ സൃഷ്ടിക്ക് കരുത്തേകുന്നു ഒപ്പം പുതിയ മാർഗങ്ങളിലൂടെ ആളുകളെ ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ ഇനിയും കൂടുതൽ ആളുകളെ ജിയോയുമായി ബന്ധിപ്പിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്." - ഫേസ്ബുക്ക് പ്രസ്താവനയിൽ പറഞ്ഞു.