20 April, 2020 05:31:11 PM


'ടെലിമെഡിസിൻ പദ്ധതിയിലും തട്ടിപ്പ്; ഓട്ടോ ഡ്രൈവറും ലോഡ്ജ് നടത്തിപ്പുകാരനും ഡയറക്ടർമാർ' - വി.ഡി സതീശൻ



കൊച്ചി: സ്പ്രിന്‍ക്ലറിനു പിന്നാലെ മുഖ്യമന്ത്രി പ്രഖ്യാപിച്ച ടെലി മെഡിസിൻ പദ്ധതിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ എം.എൽ.എ. ടെലിമെഡിസിന്‍ പദ്ധതിയിലും ഡാറ്റ ചോര്‍ത്താനുള്ള നീക്കം നടക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഒരാള്‍ ഓട്ടോറിക്ഷ ഡ്രൈവറും മറ്റൊരാള്‍ ലോഡ്ജ് നടത്തിപ്പുകാരനുമാണ്. ഇത് സ്പ്രിന്‍ക്ലര്‍ കമ്പനിയുടെ ബിനാമി കമ്പനിയാണോ എന്ന് അന്വേഷിക്കണമെന്നും ഈ പദ്ധതി സംബന്ധിച്ച കരാര്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പുറത്തു വിടണമെന്നും സതീശൻ ആവശ്യപ്പെട്ടു.


ഐ.എം.എയിലെ ഡോക്ടര്‍മാരെ ഫോണില്‍ വിളിച്ചാല്‍ ക്വാറന്റീനിലുള്ളവര്‍ക്കും അല്ലാത്തവര്‍ക്കും സഹായം ലഭിക്കുമെന്ന് പറഞ്ഞാണ് 'ക്യുക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുമായി ചേര്‍ന്ന് ടെലി മെഡിസിൻ പദ്ധതി പ്രഖ്യാപിച്ചത്. ഡോക്ടറെ വിളിക്കുന്ന രോഗികളുടെ വിവരങ്ങൾ കമ്പനിയുടെ സെര്‍വറിലേക്കാണ് പോകുന്നതെന്നും സതീശൻ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് ആക്ട് അനുസരിച്ച് ക്യുക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് എന്ന കമ്പനി 2020 ഫെബ്രുവരി 19നാണ് തുടങ്ങിയതാത്. ഒരു എറണാകുളം സ്വദേശിയും, തിരുവനന്തപുരത്തു താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശിയും ആണ് രേഖകള്‍ പ്രകാരം കമ്പനിയുടെ ഡയറക്ടര്‍മാര്‍. ഈ രണ്ടു പേരുടെയും പേരില്‍ മറ്റൊരു ബിസിനസും ഇല്ല. ക്യൂക്ക് ഡോക്ടര്‍ എന്നത് ഇവരുടെ ആദ്യ സംരംഭമാണെന്നാണ് വ്യക്തമാകുന്നത്.  വി.ഡി. സതീശന്‍ പറഞ്ഞു.


ഏപ്രില്‍ ഒന്നിനാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ടെലി മെഡിസിന്‍ സംവിധാനത്തെ കുറിച്ച് പറയുന്നത്. ഏപ്രില്‍ ഏഴിനാണ് കമ്പനി വെബ്‌സൈറ്റ് ഉണ്ടാകുന്നത്. ഇതിനായി ഡോക്ടര്‍മാരുടെ സേവനം വിട്ട് നല്‍കിയത് ഐ.എം.എ. യാണ്. എന്നാല്‍ ഇത് സംബന്ധിച്ച കരാര്‍ ഒന്നും ഐ.എം.എ.യ്ക്ക് അറിവില്ല. ഈ സേവനം ലഭ്യമാക്കാന്‍ തയാറായി നിരവധി സ്റ്റാര്‍ട്ട് അപ്പുകള്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. അവരെ തഴഞ്ഞു കൊണ്ട് പുതുതായി രൂപീകരിച്ച കമ്പനിക്ക് പദ്ധതി കൈമാറിയത്. വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് ഡാറ്റ പ്രൈവസിയെ കുറിച്ചുള്ള അജ്ഞത മുതലെടുത്ത് സര്‍ക്കാര്‍ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് നടത്തുന്നത്.

ഈ സർക്കാരിന്റെ കാലയളവിൽ ഐ.ടി. വകുപ്പ് നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.സർക്കാർ സ്പ്രിങ്ക്ളറുമായി ഉണ്ടാക്കിയ കരാറില്‍ ചേർത്തിരിക്കുന്ന ഒപ്പ് യു.എസിലെ ചേംബര്‍ ഓഫ് കോമേഴ്‌സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒപ്പല്ല. അമേരിക്കന്‍ വിദേശകാര്യ വകുപ്പിനെയോ യു.എസിലെ ഇന്ത്യന്‍ എംബസിയേയോ കരാറിനെ കുറിച്ച് അറിയിച്ചിട്ടില്ല. കരാര്‍ ലംഘനമുണ്ടായാൽ ന്യൂയോര്‍ക്കില്‍ പോയി കേസ് നല്‍കാനാകില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. മരുന്നുകമ്പനിയായ ഫൈസറുമായി സ്പ്രിന്‍ക്ലര്‍ കമ്പനിക്ക് ബന്ധമുണ്ടെന്ന വിവരമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡാറ്റ ഏറ്റവും വിലപ്പെട്ടതാണ്. അന്താരാഷ്ട്ര മരുന്ന് കമ്പനികളും ഇന്‍ഷൂറന്‍സ് കമ്പനികളും അവയവദാനറാക്കറ്റുകളുമാണ് ഈ ഡാറ്റകള്‍ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K