09 April, 2020 07:06:57 PM
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചിട്ട് 100 ദിവസം; ഇന്ന് 12 കേസുകൾ പോസിറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചിട്ട് ഇന്ന് നൂറു ദിവസം. ഇന്ന് സംസ്ഥാനത്ത് 12 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കാസര്‍കോട്ട് നാലുപേര്‍ക്കും കണ്ണൂരില്‍ നാലുപേര്‍ക്കും കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും മലപ്പുറത്ത് രണ്ടുപേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തുനിന്നു വന്നതാണ്.
13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവായി. എറണാകുളത്ത് ആറുപേരുടെയും കണ്ണൂരില്‍ മൂന്നപേരുടെയും ഇടുക്കി, മലപ്പുറം ജില്ലകളില്‍ രണ്ടുപേരുടെ വീതം പരിശോധനാഫലമാണ് നെഗറ്റീവായത്. ഇതുവരെ 357 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 258 പേര്‍ ചികിത്സയിലുണ്ട്. 1,36,195 പേര്‍ നിരീക്ഷണത്തിലുണ്ട്. 1,35,472 പേര്‍ വീടുകളിലും 723 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.