07 April, 2020 07:56:36 PM


സര്‍ക്കാരിനൊപ്പം സുമനസുകളും; കൈതച്ചക്ക കര്‍ഷകര്‍ക്ക് പ്രതീക്ഷയുടെ വഴി തുറക്കുന്നു



കോട്ടയം: ലോക് ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ ആധിയില്‍ കഴിയുമ്പോഴാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ കോള്‍ അവരെ തേടിയെത്തിയത്.  ഏക്കറുകളോളം വിളഞ്ഞു നില്‍ക്കുന്ന കൈതച്ചക്ക വിറ്റഴിക്കാന്‍ ഒരു വഴിയുമില്ലാതിരിക്കുമ്പോള്‍ സര്‍ക്കാര്‍ തുറന്ന പ്രതീക്ഷയുടെ വഴിയിലേക്കുള്ള വിളിയായിരുന്നു അത്. തിങ്കളാഴ്ച്ച എലിക്കുളം  സ്വദേശി ടോമി ജോസഫാണ്  ആദ്യം കൈതച്ചക്കയുമായി കോട്ടയത്തേക്ക് വന്നത്. കളക്ടറേറ്റ് പരിസരത്ത് കച്ചവടം തുടങ്ങിയ ഇദ്ദേഹം മടങ്ങുമ്പോള്‍ വാഹനത്തിലുണ്ടായിരുന്ന 300 കിലോയും തീര്‍ന്നിരുന്നു. 


തീക്കോയിയില്‍നിന്ന് കുരുവിളയും പൂഞ്ഞാര്‍ തെക്കേക്കരയില്‍നിന്ന് ഉണ്ണികൃഷ്ണനും ചൊവ്വാഴ്ച രാവിലെ വന്നു. കുരുവിളയുടെ പക്കലുണ്ടായിരുന്ന 520 കിലോയില്‍ 120 കിലോ മണര്‍കാട്ടെ മേപ്പിള്‍ ഹില്‍സ് വില്ല ഫ്ളാറ്റിലുള്ളവര്‍ വാങ്ങി. നട്ടാശേരിയില്‍ കെ.എസ്.ഇ.ബി. സബ് എന്‍ജിനീയര്‍ വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് 250 കിലോയോളം ഏറ്റെടുത്തു.  ശേഷിച്ചത് വടവാതൂര്‍ സെമിനാരിയിലും മൂലവട്ടം കെ.യു നഗര്‍ റസിഡന്‍റ്സ് അസോസിയേഷനും നല്‍കി. ഉണ്ണികൃഷ്ണന്‍റെ 600 കിലോ കൈതച്ചക്ക കടുത്തുരുത്തിയിലെ കിഴക്കേനട, കൈലാസപുരം റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കാണ് നല്‍കിയത്.  


520 കിലോ ഗ്രാമിന്‍റെ രണ്ടാമത്തെ ലോഡുമായി എത്തിയ ടോമി ഇക്കുറിയും തുടക്കം കുറിച്ചത് കളക്ടറേറ്റിലായിരുന്നു. അവിടെ 100 കിലോ വിറ്റു. ബാക്കി മാങ്ങാനത്തെ ഭക്ഷ്യ സംസ്കരണ യൂണിറ്റിനും കുമാരനല്ലൂരിലെ രണ്ട് റസിഡന്‍റ്സ് അസോസിയേഷനുകള്‍ക്കും നല്‍കി. പഴുത്തു തുടങ്ങിയ കൈതച്ചക്ക പതിവു വിപണികളിലേക്ക് അയയ്ക്കാന്‍ കഴിയാതെ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് പ്രാദേശികമായി വിറ്റഴിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് ജില്ലാ ഭരണകൂടവും കൃഷിവകുപ്പും ചേര്‍ന്ന് തുടക്കമിട്ടത്.


ഫ്ളാറ്റുകള്‍,റസിഡന്‍റ്സ് അസോസിയേഷനുകള്‍, കച്ചവടക്കാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തോടെ പരമാവധി കൈതച്ചക്ക വിറ്റഴിക്കുന്നതിന് വഴിയൊരുക്കുകയായിരുന്നു ലക്ഷ്യം. റസിഡന്‍റ്സ് അസോസിയേഷന്‍ അപ്പക്സ് കൗണ്‍സിലും, കോണ്‍ഫെഡറേഷന്‍ ഓഫ് റസിഡന്‍റ്സ് വെല്‍ഫെയര്‍ അസോസിയേഷനും സഹകരിക്കുന്നുണ്ട്. ആവശ്യക്കാരെ കണ്ടെത്തുന്നതും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും കൃഷിവകുപ്പാണ്. ഏറ്റവും കുറഞ്ഞത് 100 കിലോയെങ്കിലും ഓര്‍ഡര്‍ ലഭിക്കുന്നവര്‍ക്ക് കര്‍ഷകര്‍ തന്നെ നേരിട്ട് എത്തിച്ചു നല്‍കുംവിധമാണ് ക്രമീകരണം.


മുന്‍പ് തോട്ടങ്ങളില്‍നിന്ന് നേരിട്ട് കൈതച്ചക്ക വാങ്ങിയിരുന്നവര്‍തന്നെയാണ് വിളവെടുത്തിരുന്നതെങ്കില്‍ ഇപ്പോള്‍ വിളവെടുക്കുന്നതിന്‍റെയും വാഹനത്തില്‍ എത്തിക്കുന്നതിന്‍റെയും ചിലവുകൂടി കര്‍ഷകര്‍ വഹിക്കേണ്ടതുണ്ട്. എങ്കിലും എല്ലാ സാധ്യതകളും അടഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ക്രമീകരണം വലിയ അനുഗ്രഹമാണെന്ന് അവര്‍ പറയുന്നു.


ജില്ലയില്‍ ആകെ ഏകദേശം 600 മെട്രിക് ടണ്‍ കൈതച്ചക്കയാണ് ഉത്പാദിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ഇത് പൂര്‍ണമായും വിപണനം ചെയ്യുന്നതിന് തടസങ്ങളുണ്ടെങ്കിലും ജനങ്ങള്‍ സഹകരിച്ചാല്‍ കര്‍ഷകര്‍ക്ക് പരമാവധി വിറ്റഴിക്കാവുന്ന സാഹചര്യം ഒരുക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു പറഞ്ഞു. അവധി ദിവസങ്ങളിലും വിതരണ സംവിധാനം മുടക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ സലോമി തോമസ് പറഞ്ഞു.


കൈതച്ചക്ക വേണ്ടവര്‍ക്ക് വിളിക്കാം


കിലോഗ്രാമിന് ശരാശരി 20 രൂപ നിരക്കിലാണ് എ ഗ്രേഡ് കൈതച്ചക്ക ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. കുറഞ്ഞത് നൂറു കിലോഗ്രാമെങ്കിലും കൈതച്ചക്ക വേണ്ടവര്‍ക്ക് കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ വിളിക്കാം.

ഫോണ്‍ നമ്പരുകള്‍: സാലി ജോസഫ് (ഡെപ്യൂട്ടി ഡയറക്ടര്‍) - 9495624003, മാഗി മെറീന (ഡെപ്യൂട്ടി ഡയറക്ടര്‍) - 9446335730, ജാന്‍സി കോശി (അസിസ്റ്റന്‍റ് ഡയറക്ടര്‍) - 9446960187,  ഡെന്നീസ് ജോര്‍ജ് (കൃഷി ഓഫീസര്‍) - 8086881989.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K