06 April, 2020 08:47:00 PM


കുടുംബശ്രീ വഴിയുള്ള 2000 കോടിയുടെ വായ്പ കേരള ബാങ്ക് ശാഖകളിലൂടെയും നൽകും



തിരുവനന്തപുരം: സർക്കാർ കുടുംബശ്രീയിലൂടെ നൽകുന്ന 2000 കോടി രൂപയുടെ വായ്പ കേരള ബാങ്കിന്റെ എല്ലാ ശാഖകളിലൂടെയും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇൻകം സപ്പോട്ട് പദ്ധതിയിൽ ഖാദി തൊഴിലാളികൾക്ക് 14 കോടി രൂപ അനുവദിച്ചു. അൺ അറ്റാച്ച്ഡ് വിഭാഗം തൊഴിലാളികൾക്ക് വേതനനഷ്ടം പരിഹരിക്കുന്നതിന് 24 കോടി രൂപ വേതന അഡ്വാൻസ് നൽകാൻ കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. അതിനുപുറമെ 12 കോടി രൂപ റിക്കറവി ഇളവു നൽകും.


മാർച്ച് 1 മുതൽ 20 വരെ ക്ഷീരസംഘങ്ങളിൽ പാലളന്ന എല്ലാ ക്ഷീരകർഷകർക്കും അളന്ന ഓരോ ലിറ്റർ പാലിനും ഒരു രൂപ വീതം ആശ്വാസധനമായി ക്ഷേമനിധി ബോർഡ് ക്ഷീരസംഘങ്ങൾക്ക് നൽകും. ഒരു ക്ഷീരകർഷകനു കുറഞ്ഞത് 250 രൂപയും പരമാവധി 1000 രൂപയുമാണ് ലോക്ക്ഡൗൺ അവസാനിക്കുന്ന തീയതിക്ക് മുൻപ് നൽകുക. കോവിഡ് ബാധിതരായ ക്ഷീരകർഷകർക്ക് ഓരോരുത്തർക്കും 10,000 രൂപയും നിരീക്ഷണത്തിലുള്ള ക്ഷീര കർഷകർക്ക് 2000 രൂപയും ധനസഹായം നൽകും. ക്ഷേമനിധി അംഗങ്ങൾക്കു മാത്രമാണ് ഈ ആനുകൂല്യം.


കലാകാരൻമാരുടെ ഈ മാസത്തെ പെൻഷൻ തുക അടുത്തദിവസം മുതൽ അക്കൗണ്ടുകളിൽ എത്തും. ഈ മാസം പുതുതായി 158 പേർക്ക് പെൻഷൻ അനുവദിച്ചിട്ടുണ്ട്. സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ഏപ്രിൽ മാസത്തെ പെൻഷൻ, ചികിത്സാ സഹായം എന്നിവ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തു. ക്ഷേമനിധി ബോർഡ് ഒരുകോടി രൂപയാണ് കലാകാരൻമാർക്ക് വിതരണം ചെയ്യുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K