06 April, 2020 08:33:41 PM


മത്സ്യവിപണനത്തിന്‍റെ കൊല്ലം മാതൃക: ആള്‍ക്കൂട്ടവും ലേലം വിളിയും ഇല്ലാതെ ഹാര്‍ബറുകള്‍



കൊല്ലം: ആള്‍ക്കൂട്ടവും ലേലം വിളിയുടെ മത്സരവും ഇല്ലാതെ ഹാര്‍ബറുകളില്‍ മത്സ്യ വിപണനം. വിവിധ ഇനം മത്സ്യങ്ങളുടെ അടിസ്ഥാന വിലയിലാണ് വിപണനം നടക്കുന്നത്. അളവും തൂക്കവും കൃത്യം. നേരത്തെ നിശ്ചയിച്ച വില തന്നെ അവസാനമെത്തുന്ന മത്സ്യത്തിനും. തങ്കശ്ശേരി, വാടി, മൂതാക്കര, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളിലെ ലേല ഹാളുകളിലാണ് മത്സ്യവിപണനത്തിന്‍റെ ഈ പുതിയ മാതൃക.


കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ അടച്ചിട്ട ഹാര്‍ബറുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം പുതിയ രീതിയിലേക്ക് മാറി. പരമാവധി അഞ്ച് മത്സ്യത്തൊഴിലാളികള്‍ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പറ്റുന്ന യാനങ്ങള്‍ക്ക് മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കി. നാന്നൂറോളം പരമ്പാരാഗത യാനങ്ങളാണ് മത്സ്യബന്ധനത്തിന് പോകുന്നത്.


ലാന്‍റിംഗ് സെന്‍ററുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഗേറ്റ് പാസ് നല്‍കി കൃത്യമായ ഇടവേളകളില്‍ രണ്ട് ലോറികള്‍ എന്ന ക്രമത്തില്‍ ഹാര്‍ബറുകളിലേക്ക് പ്രവേശിപ്പിക്കും. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ടിയുള്ള ക്രമീകരണങ്ങള്‍ എല്ലാ ഹാര്‍ബറുകളിലും ലാന്‍റിംഗ് സെന്‍ററുകളിലും ഒരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.


ഹാര്‍ബര്‍ മാനേജ്‌മെന്‍റ് സൊസൈറ്റി മത്സ്യത്തിന്‍റെ വില മുന്‍കൂറായി നിശ്ചയിച്ച് തൂക്കി നല്‍കി. പ്രദേശിക ചെറുകിട കച്ചവടക്കാര്‍ക്കും തലച്ചുമടായി മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ക്കും വേണ്ടി മത്സ്യഫെഡ് മത്സ്യം സംഭരിച്ചു നല്‍കി.
ഹാര്‍ബര്‍ മാനേജ്‌മെന്‍റ് സൊസൈറ്റി മുഖേന സര്‍ക്കാര്‍ നിശ്ചയിച്ച വില അനുസരിച്ച് ലേലം ഒഴിവാക്കി മത്സ്യവില്‍പ്പന നടത്തിയതിനാല്‍ എല്ലാ യാനക്കാര്‍ക്കും  ഒരേ വില ലഭിച്ചു. ഈ സംവിധാനത്തില്‍ സംതൃപ്തരാണെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ ഹാര്‍ബറുകളില്‍ നിന്നും നിലവില്‍ യാനങ്ങളൊന്നും മത്സ്യബന്ധനത്തിനായി പോയി തുടങ്ങിയില്ല.


രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കച്ചവടക്കാര്‍ക്കും മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിനായി വലിയ ലോറികള്‍ക്ക് 50 ബോക്‌സ്, എയിസ് ഓട്ടോയ്ക്ക് 10 ബോക്‌സ്, പെട്ടി ഓട്ടോകള്‍ക്ക് അഞ്ച് ബോക്‌സ് എന്ന ക്രമത്തിലും ചെറുകിട കച്ചവടക്കാര്‍ക്ക് 15 കിലോ എന്ന രീതിയിലും ക്രമീകരണം ഏര്‍പ്പെടുത്തി. ചെറുകിട മത്സ്യ കച്ചവടക്കാരും മത്സ്യത്തൊഴിലാളി സ്ത്രീകളും ഹാര്‍ബറില്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനായി തങ്കശ്ശേരി ബസ്‌ബേയില്‍ രാത്രി 10 മുതല്‍ 12 വരെയും കൊടിമരം ജംഗ്ഷനില്‍ രാവിലെ ആറു മുതല്‍ എട്ടുവരെയും മത്സ്യഫെഡ് മുഖേന മത്സ്യം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി.


ആര്‍ ഡി ഒ ആര്‍ സുമീതന്‍പിള്ള, എ സി പി എ.പ്രദീപ്കുമാര്‍, ഫിഷറീസ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എച്ച് ബേസില്‍ ലാല്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പി ഗീതാകുമാരി, മത്സ്യഫെഡ് ജില്ലാ മാനേജര്‍ മണിരാജന്‍ പിള്ള, ഹാര്‍ബര്‍ മാനേജ്‌മെന്‍റ് സൊസൈറ്റി അംഗങ്ങളായ ബിജു സെബാസ്റ്റ്യന്‍, ബിജു ലൂക്കോസ്, എസ് സ്റ്റീഫന്‍ തുടങ്ങിയവര്‍ ഏകോപനം നിര്‍വഹിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K