30 March, 2020 11:00:28 PM
കാസർഗോഡ് എല്ലാ ട്രഷറികളും തുറക്കും; തിരക്ക് നേരിടാൻ പുതിയ നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ട്രഷറികളുടെ പ്രവർത്തനത്തിന് കാസർഗോഡ് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം പിൻവലിക്കുന്നു. കാസർകോട്ടെ പ്രത്യേക സാഹചര്യത്തിൽ ജില്ലാ ട്രഷറി മാത്രമാണ് പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇന്നു മുതൽ എല്ലാ ട്രഷറികളും തുറന്നു പ്രവർത്തിപ്പിക്കാനാണ് സർക്കാർ ഉത്തരവ്. സാമ്പത്തിക വർഷവസാനത്തെ തിരക്കുകളും ശമ്പള -പെൻഷൻ വിതരണവും കണക്കിലെടുത്താണ് പുതിയ ക്രമീകരണം. ജീവനക്കാർക്കുള്ള ഇളവുകളും അവസാനിപ്പിച്ചു.
ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വീടിനടുത്തുള്ള ഓഫീസുകളിൽ ഹാജരായാൽ മതിയെന്നായിരുന്നു ട്രഷറി ജീവനക്കാർക്ക് നൽകിയിരുന്ന നിർദ്ദേശം. യാത്രാ പ്രതിസന്ധി കണക്കിലെടുത്തായിരുന്നു ഈ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇത് പിൻവലിച്ചു, നേരത്തെ ജോലി ചെയ്തിരുന്ന ഓഫീസുകളിൽ തന്നെ ഇന്നുമുതൽ ഹാജരാകണം. തിരക്കേറിയ ദിവസങ്ങളിൽ പൂർണതോതിൽ ട്രഷറികളുടെ പ്രവർത്തനം ഉറപ്പുവരുത്താനാണ് ഈ നിർദ്ദേശം എന്നാണ് സൂചന. എന്നാൽ താമസ സ്ഥലത്തു നിന്നും ദൂരെയുള്ള ട്രഷറികളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഓഫീസുകളിൽ എങ്ങനെ എത്തും എന്ന ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
ആരോഗ്യ വകുപ്പിലെ ശമ്പള ബില്ലുകൾ ആദ്യം പാസാക്കും. ഏപ്രിൽ ഒന്നുമുതൽ സർക്കാർ ജീവനക്കാർക്കുള്ള ശമ്പളവും പെൻഷൻ വിതരണവും ആണ് പ്രധാന കടമ്പ. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണി പോരാളികളായ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് ശമ്പളം നൽകാനാണ് നിർദേശം. മറ്റു വകുപ്പുകളുടെ ശമ്പള ബിൽ പാസാക്കുന്നതിന് മുമ്പായി തന്നെ ആരോഗ്യവകുപ്പിൻ്റെ ബില്ലുകൾ പാസാക്കി നൽകണം. ആദ്യ പ്രവർത്തി ദിവസം തന്നെ അക്കൗണ്ടിൽ പണം എത്തുന്ന രീതിയിൽ ബില്ലുകൾ പാസാക്കി നൽകാനാണ് നിർദേശം.