27 March, 2020 11:12:25 AM
പലിശനിരക്ക് കുറച്ച് റിസർവ് ബാങ്ക്; വായ്പകള്‍ക്ക് മൂന്നു മാസത്തെ മോറട്ടോറിയം
ദില്ലി: റിപ്പോ നിരക്ക് മുക്കാൽ ശതമാനം കുറച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് കുറച്ചത്.
എം പി സി യോഗത്തിനു ശേഷം ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. റിപ്പോ നിരക്കിൽ കാര്യമായ കുറവ് വരുത്തിയതോടെ പലിശകൾ കുറയ്ക്കാൻ ബാങ്കുകൾ നിർബന്ധിതരാകും. വിപണിയിൽ പണലഭ്യത വർദ്ധിപ്പിക്കുന്നത് ലക്ഷ്യം വെച്ചാണ് പുതിയ തീരുമാനം. റിസർവ് ബാങ്കിന്റെ പുതിയ തീരുമാനത്തോടെ 3.74 ലക്ഷം കോടി രൂപ വിപണയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.