24 March, 2020 12:40:06 PM
പാല്‍സംഭരണം നിർത്തി മിൽമ; കെട്ടിക്കിടക്കുന്നത് 12.5 ലക്ഷം ലിറ്റർ പാൽ
കോഴിക്കോട്: മില്‍മയുടെ മലബാർ മേഖലയിലെ ആറ് ഡയറികളിലായി 12.5 ലക്ഷം ലിറ്റർ പാൽ കെട്ടിക്കിടക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിൽപ്പന 40 ശതമാനത്തിന് താഴെയായി ചുരുങ്ങി. ഇതോടെ ക്ഷീര കർഷകരിൽ നിന്നുള്ള പാൽ സംഭരണം മലബാറില്‍ തൽക്കാലത്തേക്ക് നിർത്തി. പ്രതിദിനം ശരാശരി ആറരലക്ഷം ലിറ്റർ പാലാണ് മിൽമ സംഭരിക്കുന്നത്. ഇതിൽ അഞ്ച് ലക്ഷം ലിറ്ററും വിൽപ്പന നടത്തുകയാണ് പതിവ്. ഒന്നര ലക്ഷം ലിറ്റർ പാൽ കൊണ്ട് ഉപോൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്.
പാൽ സംഭരണം ഇന്ന് മാത്രമാണ് നിർത്തിവച്ചതെന്ന് മിൽമ മലബാർ മേഖലാ അധികൃതര്‍ പറഞ്ഞു. സമ്പൂർണ്ണ ലോക് ഡൗൺ ആയ സാഹചര്യത്തിൽ വരും ദിവസങ്ങളിലും പാൽ സംഭരിക്കണോയെന്ന കാര്യത്തിൽ മിൽമ തീരുമാനമെടുത്തിട്ടില്ല. ലക്ഷക്കണക്കിന് ലിറ്റർ പാൽ കെട്ടിക്കിടക്കുകയും വിൽപ്പന പകുതി പോലും നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സംഭരണം നിർത്തിവെയ്ക്കുകയേ വഴിയുള്ളൂവെന്ന് മിൽമ അധികൃതർ പറയുന്നു. മിൽമ പാൽ സംഭരണം നിർത്തുമ്പോൾ മേഖലയെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് ക്ഷീര കർഷകരാണ് പട്ടിണിയിലാവാൻ പോകുന്നത്.