12 March, 2020 04:22:57 PM


ഓഹരിവിപണി വലിയ തകര്‍ച്ചയില്‍; വിപണിയില്‍ നിന്ന് 9 ലക്ഷം കോടി അപ്രത്യക്ഷമായി



മുംബൈ: കൊറോണ ഭീതി ഇന്ത്യന്‍ ഓഹരി വിപണിയെ കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തിച്ചു. സെന്‍സെക്‌സ് 2913 പോയിന്റ നഷ്ടത്തിലെത്തി. നിഫ്റ്റി 9,600നു താഴെയെത്തി. കൊവിഡ് 19നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ തകര്‍ച്ച. ഒമ്പത് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഈ കാലഘട്ടത്തില്‍ വിപണിക്കുണ്ടായത്.


യു.കെ ഒഴികെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് കൊണ്ടുവന്നതും തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. ആഗോള വിപണിയില്‍ എണ്ണവില ഇടിഞ്ഞതും രൂപയുടെ മൂല്യത്തകര്‍ച്ചയും മറ്റൊരു കാരണമാണ്.


സെന്‍സെക്‌സ് 2913.06 പോയിന്റ് (8.16%) നഷ്ടത്തില്‍ 32,784.34ലും നിഫ്റ്റി 866.95 പോയിന്റ് താഴ്ന്ന് 9,591.45ലുമെത്തി. ഇന്ത്യന്‍ വിപണിയില്‍ 157 ഓഹരികള്‍ നേട്ടമുണ്ടാക്കിയതപ്പോള്‍ 2133 ഓഹരികള്‍ തകര്‍ന്നടിഞ്ഞു. 72 ഓഹരികള്‍ മാറ്റമില്ലാതെ നിലകൊണ്ടു. ആക്‌സിസ് ബാങ്ക്, എസ്.ബി.ഐ, ഹീറോ മോട്ടോകോര്‍പ്, ഐടിസി, എം.ആന്റ്എം, ബജാജ് ഓട്ടോ, ടൈറ്റാന്‍ എന്നിവ സെന്‍സെക്‌സില്‍ ഏറ്റവും നഷ്ടം നേരിട്ടവയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K