11 March, 2020 02:32:38 AM
ചെറുകിട വായ്പകള്‍ക്ക് ഊന്നല്‍ നല്കി യെസ് ബാങ്ക് നയം മാറ്റുന്നു
മുംബൈ: ചെറുകിട വായ്പകള്‍ക്ക് ഊന്നല്‍ നല്കി യെസ് ബാങ്ക് ബാങ്ക് നയം മാറ്റാനൊരുങ്ങുന്നു. ഇതുവരെ കോര്‍പറേറ്റ് വായ്പകള്‍ക്കായിരുന്നു ബാങ്ക് പ്രാധാന്യം കല്പിച്ചിരുന്നത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ വാങ്ങിയ വന്‍ തുകകള്‍ കിട്ടാക്കടമാവുകയും മൂലധന ശേഷി കുറയുകയും ചെയ്തതോടെയാണ് ബാങ്ക് പ്രതിസന്ധിയിലായത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) 49 ശതമാനം ഓഹരി ഏറ്റെടുക്കുന്നതോടെ പുതുജീവന്‍ കൈവരുന്ന ബാങ്കിനെ അടിമുടി മാറ്റാനുള്ള പദ്ധതികളാണ് നിലവില്‍ ഭരണ ചുമതലയുള്ള പ്രശാന്ത് കുമാറിന്റെ നേതൃത്വത്തില്‍ തയാറാക്കുന്നത്. യെസ് ബാങ്കിന് മൊറട്ടോറിയം പ്രഖ്യാപിച്ച റിസര്‍വ് ബാങ്ക് ആണ് എസ്.ബി.ഐയുടെ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ പ്രശാന്ത് കുമാറിനെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ചത്.
ഇതുവരെ 35 ശതമാനത്തോളമായിരുന്നു യെസ് ബാങ്ക് ചെറുകിട വായ്പകള്‍ നല്‍കിയിരുന്നത്. ഇനിമുതല്‍ അത് 70 ശതമാനമാക്കി ഉയര്‍ത്തി റിട്ടെയില്‍ ബാങ്കിങ്ങില്‍ ശ്രദ്ധചെലുത്താനുള്ള പദ്ധതി തയാറാക്കുന്നതായി പ്രശാന്ത് കുമാര്‍ പറഞ്ഞു. വ്യാഴാഴ്ചക്കുമുമ്പ് ഓഹരി ഏറ്റെടുക്കല്‍ നടപടികള്‍ എസ്.ബി.ഐ പൂര്‍ത്തിയാക്കുമെന്നും ശനിയാഴ്ച മുതല്‍ ബാങ്ക് പ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.