11 February, 2020 05:28:26 PM
ബാങ്കിലെ കടം വീട്ടാന്‍ ഗതിയില്ലാതെ ബുദ്ധിമുട്ടിലായ രാജനെ തേടി ഭാഗ്യദേവത എത്തി
കണ്ണൂർ: ബാങ്കിൽ നിന്ന് കടമെടുത്ത അഞ്ചുലക്ഷം രൂപ തിരിച്ചടക്കാനാകാതെ ബുദ്ധിമുട്ടിലായിരുന്നു രാജനെ തേടി ഭാഗ്യദേവത എത്തി. സാമ്പത്തിക പ്രയാസങ്ങൾ കൊണ്ട് കുടുംബം നട്ടം തിരിഞ്ഞ് നിൽക്കുമ്പോഴാണ് 12 കോടിയുടെ കേരളാ ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യദേവത രാജനെ തേടിയെത്തിയത്. കണ്ണൂർ ജില്ലയിലെ മാലൂർ പുരളിമല കുറിച്യ കോളനിയില്‍ താമസിക്കുന്ന കൂലിപ്പണിക്കാരനായ പൊരുന്നൻ രാജൻ അങ്ങനെ ദുരിതങ്ങളോടും കഷ്ടപ്പാടുകളോടും ഗുഡ്ബൈ പറയുകയാണ്.
സംസ്ഥാന സർക്കാരിൻറെ ക്രിസ്മസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ ഏറ്റവും അർഹമായ കൈകളിലാണ് ഇത്തവണ എത്തിയത്. "ഇനി കടങ്ങൾ തീർക്കണം, ഒരു വീട് വെക്കണം. സന്തോഷത്തോടെ ജീവിക്കണം", കോടീശ്വരൻ തന്‍റെ ചെറിയ ആഗ്രഹങ്ങൾ മാധ്യമങ്ങലോട് പങ്കുവെച്ചു. രാജൻ ഒരു കോടീശ്വരൻ ആയെന്ന സത്യം ഭാര്യ രജനിക്കോ മക്കള്‍ക്കോ ഇതുവരെ ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.
മകൻ റിഗിൽ ഡിഗ്രി പൂർത്തിയാക്കിയെങ്കിലും ഉപജീവനത്തിനായി കൂലിപ്പണി എടുക്കുന്നു. മുത്ത മകൾ ആതിരയുടെ വിവാഹം കഴിഞ്ഞു. ഇളയവൾ അക്ഷര പ്ലസ് ടു വിദ്യാർഥിനിയാണ്. സ്ഥിരമായി ലോട്ടറി എടുക്കുന്ന ശീലം ഉള്ള ആളാണ് രാജൻ. മുൻപ് 1000 വും, 2000 വും ഒക്കെ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ST 269609 എന്ന ടിക്കറ്റിനാണ് ഇത്തവണ സമ്മാനം. ടിക്കറ്റ് കണ്ണൂർ കേരള ബാങ്കിൽ നിക്ഷേപിച്ചു. വയനാട്ടിലാണ് ലോട്ടറി അടിച്ചതെന്നായിരുന്നു ആദ്യവാര്‍ത്ത.