06 February, 2020 03:14:29 PM
വിജയ്‌യുടെ ചോദ്യം ചെയ്യൽ തുടരുന്നു; രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം
ചെന്നൈ: തമിഴ് താരം വിജയ്‌യുടെ ചോദ്യം വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും ചോദ്യം ചെയ്യലും തുടരുന്നു. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്. ഇതിനിടെ താരത്തിനെതിരെ നടക്കുന്നത് രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. വിഷയത്തിൽ തമിഴ് താര സംഘടനയായ നടികർ സംഘം ഇതുവരെ പ്രതികരിക്കാത്തതും വിമർശനം ഉയർത്തിയിട്ടുണ്ട്.
ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നെയ്‍വേലിയിലെ മാസ്റ്റർസിനിമ ലൊക്കേഷനിൽ ആദായ നികുതി സംഘമെത്തി വിജയ് യെ ചോദ്യം ചെയ്യാൻ ആരംഭിച്ചത്. കസ്റ്റഡിയിലെടുത്ത് നാലരയോടെ ചെന്നൈയിലെ ആദായ നികുതി വകുപ്പ് ഓഫീസിൽ എത്തിച്ചു. രാത്രി എട്ടരയോടെ പനയൂരിലെ വീട്ടിലെത്തിച്ച ശേഷം തുടങ്ങിയ പരിശോധനയും ചോദ്യം ചെയ്യലും ഇപ്പോഴും തുടരുകയാണ്.
എജിഎസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഇറങ്ങിയ ആറ്റ്‍ലി - വിജയ് ചിത്രം ബിഗിലിന്‍റെ പ്രതിഫലുമായി ബന്ധപ്പെട്ട രേഖകളാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത് . ബോക്സ് ഓഫീസിൽ വൻ ഹിറ്റായ ചിത്രവുമായി ബന്ധപ്പെട്ട് വിജയും നിർമ്മാതാക്കളും സമർപ്പിച്ച കണക്കുകളിൽ വൈരുധ്യമുണ്ടെന്നാണ് സൂചന. അതേസമയം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിജയ്‌യുടെ നിലപാടുകൾക്കും താരത്തിന്റെ സിനിമാ പ്രമേയങ്ങൾക്കുമെതിരായ രാഷ്ട്രീയ പകപ്പോക്കലാണ് നടപടിയെന്ന ആരോപണവുമായി ഫാൻസ് അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്.
സിഎഎ പിന്തുണച്ച് സൂപ്പർ താരം രജനീകാന്ത് രംഗത്തെത്തിയതിന് പിന്നാലെ അദ്ദേഹത്തിനെതിരായ ആദായനികുതി കേസിൽ ഇളവ് നൽകിയതാണ് ഇതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനിടെ എജിഎസുമായി ബന്ധപ്പെട്ട 20 ളം കേന്ദ്രങ്ങളിലും മറ്റൊരു നിർമ്മാതാവായ അൻപ് ചെഴിയാന്റെ ടി നഗറിലെ വീട്ടിലും ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്.