01 February, 2020 02:51:40 PM


ആദായനികുതിയിൽ ഇളവ്; ബജറ്റിൽ കാർഷിക മേഖലയ്ക്കും വികസനത്തിനും ഊന്നൽ



ദില്ലി: ആദായനികുതിയിൽ സമഗ്ര മാറ്റം പ്രഖ്യാപിച്ച് മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റ്. ആദ്യനികുതിദായകർക്കായി പുതിയ പദ്ധതി ധനമന്ത്രി നിർമ്മല സീതാരാമൻ ആവിഷ്കരിച്ചു. ഇളവുകൾ വേണ്ടെന്നു വെച്ചാൽ പുതിയ പദ്ധതി പ്രകാരം നിരക്കുകൾ കുറയും. കോർപറേറ്റ് നികുതിയും വെട്ടിക്കുറച്ചു. കർഷകർക്കും സ്ത്രീകൾക്കും പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. വാർഷിക വരുമാനം 15 ലക്ഷം രൂപയുള്ളയാൾ ഒരു ഇളവുകളും അനുഭവിക്കാത്ത ആളാണെങ്കിൽ നികുതിയായി അടയ്ക്കേണ്ടത് 1.95 ലക്ഷം രൂപയാണ്. നിലവിൽ അത് 2.73 ലക്ഷം രൂപയായിരുന്നു.


ഇറക്കുമതി ചെയ്യുന്ന പാദരക്ഷകള്‍, ഫര്‍ണീച്ചര്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് വില കൂടും. ഈ സാധനങ്ങളുടെ കസ്റ്റംസ് തീരുവ സര്‍ക്കാര്‍ കൂട്ടി. മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് സര്‍ക്കാര്‍ സെസ് ഏര്‍പ്പെടുത്തും. സ്വതന്ത്രവ്യാപാരകരാറില്‍ നിന്നും ആഭ്യന്തര ഉത്പാദകരെ സഹായിക്കാന്‍ വേണ്ടിയാണ് സര്‍ക്കാരിന്റെ ഈ നടപടി. നികുതി കേസുകള്‍ ഒഴിവാക്കുമെന്നും നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.മാര്‍ച്ച്‌ 31 -നകം കുടിശ്ശിക അടച്ചാല്‍ അധികതുക നല്‍കേണ്ട. ജൂണ്‍ 30 വരെ ആദായനികുതി കുടിശ്സിക തീര്‍ത്താല്‍ ചെറിയ പിഴ ഒടുക്കിയാല്‍ മതിയെന്നാണ് ബജറ്റില്‍ വ്യക്തമാക്കുന്നത്.


എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കുമെന്ന പ്രഖ്യാപനവും ചരിത്രത്തിലെ ഏറ്റവും നീണ്ട ബജറ്റ് പ്രസംഗത്തിൽ ഉണ്ടായി. ബജറ്റിൽ കേരളത്തിന്റെ നികുതി വിഹിതം കുറഞ്ഞു. ഇത്തവണ 15236 കോടിയാണ് കേരളത്തിന് വകയിരുത്തിയത്. കഴിഞ്ഞ തവണ ഇത് 20228 കോടി രൂപയായിരുന്നു. കസ്റ്റംസ് ഡ്യൂട്ടി കൂട്ടി, കോര്‍പ്പറേറ്റ് നികുതി കുറച്ചു. അഞ്ച് കോടിവരെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഓഡിറ്റിംഗ് വേണ്ട. കോര്‍പ്പറേറ്റ് ബാങ്കുകളുടെ നികുതി 30%ത്തില്‍ നിന്ന് 22% ആയി കുറച്ചു. നിലവിലുള്ള കമ്പനികള്‍ക്ക് 22 ശതമാനം കോര്‍പ്പറേറ്റ് നികുതി. പുതിയ കമ്പനികള്‍ക്ക് 15 ശതമാനം കോര്‍പ്പറേറ്റ് നികുതി.


വൈദ്യുതി ഉത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പുതിയ ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ്‌. ഡിവിഡന്‍റ് വിതരണ നികുതി ഒഴിവാക്കി. അതേസമയം ബജറ്റ് ദിവസവും ഓഹരി വിപണിയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. സെക്സെക്സ് 600 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 12,000 മാര്‍ക്കിന് താഴേക്ക് നിലംപതിച്ചു. രണ്ടാം മോദിസര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ സീതാരാമന്‍ അവതരിപ്പിച്ചത്. രണ്ടു മണിക്കൂറും 37 മിനിറ്റും എടുത്താണ് നിര്‍മ്മല സീതാരാമന്‍ ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗവും നിര്‍മ്മല സീതാരാമന്‍ സ്വന്തം പേരിലാക്കി. 


ബജറ്റ് ഒറ്റനോട്ടത്തില്‍


* സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ഭദ്രമെന്ന് നിർമലാ സീതാരാമൻ

* വരുമാന മാര്‍ഗങ്ങള്‍ കൂട്ടുന്ന ബജറ്റെന്ന് ധനമന്ത്രി

* ജിഎസ്ടി ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പരിഷ്കാരം

* പാവപ്പെട്ടവർക്കുള്ള പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കി 

* ജിഎസ്ടി നടപ്പാക്കിയതോടെ കുടുംബ ബജറ്റിൽ നാല് ശതമാനം വരെ ലാഭിക്കാനായി

* ബാങ്കുകളുടെ കിട്ടാക്കടം കുറച്ചെന്ന് ധനമന്ത്രിയുടെ അവകാശവാദം 


കാർഷികം


* കാർഷിക മേഖലയ്ക്കായി 16 കർമ പദ്ധതികൾ 

* കർഷകരുടെ വരുമാനം രണ്ടു വർഷംകൊണ്ട് ഇരട്ടിയാക്കും

* കർഷകർക്കായി കിസാൻ ക്രഡിറ്റ് കാർഡുകൾ 

* കർഷകർക്കായി പ്രത്യേക സൗരോർജ പദ്ധതി 

* കർഷകർക്കായി നബാർഡിന്‍റെ പുനർവായ്പ പദ്ധതി

* കർഷകർക്കായി രാജ്യാന്തര വിപണി ലക്ഷ്യമിട്ട് പ്രത്യേക പദ്ധതി

* കർഷകർക്കായി കിസാൻ റെയിൽ പദ്ധതി

* ട്രെയിനുകളിൽ കർഷകർക്കായി പ്രത്യേകം ബോഗികൾ

* ജൈവ കാർഷിക ഉത്പന്നങ്ങൾക്ക് ഇനി ഓൺലൈൻ വിപണി 


ആരോഗ്യം


* പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് 69,000 കോടി

* ഡോക്ടർമാരുടെ കുറവ് നികത്താൻ പ്രത്യേക പദ്ധതി

* 112 ജില്ലകളിൽ ആയുഷ് ആശുപത്രികൾ

* മിഷൻ ഇന്ദ്രധനുഷിൽ 12 രോഗങ്ങൾ കൂടി ഉൾപ്പെടുത്തി

* സ്വച്ഛ് ഭാരതിന് 12,300 കോടി രൂപ


വിദ്യാഭ്യാസം


* നൈപുണ്യ വികസനത്തിന് 3,000 കോടി 

* വിദ്യാഭ്യാസ രംഗത്ത് വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കും

* വിദ്യാഭ്യാസ മേഖലയ്ക്കായി 99,300 കോടി രൂപ

* കൂടുതൽ തൊഴിലധിഷ്ഠിത കോഴ്സുകൾ തുടങ്ങും 

* രാജ്യത്ത് പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരും

* എഞ്ചിനിയറിംഗ് ബിരുദധാരികൾക്ക് പഞ്ചായത്തുകളിൽ ഇന്‍റേൺഷിപ്പ് 


വികസനം


* രാജ്യത്ത് അഞ്ച് പുതിയ സ്മാർട്ട് സിറ്റികൾ തുടങ്ങും

* ഭാരത് നൈറ്റ് എന്ന പേരിൽ ഒപ്റ്റിക്കൽ കേബിൾ ശ്യംഖല

* ഊർജ മേഖലയ്ക്ക് 22,000 കോടി

* പിപിപി മാതൃകയിൽ 150 പുതിയ ട്രെയിനുകൾ

* 100 പുതിയ വിമാനത്താവളങ്ങൾ നിർമിക്കും

* ടെക്സ്റ്റയിൽ മിഷന് 1,480 കോടി

* നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കാൻ ക്ലിയറൻസ് സെൽ

* അടിസ്ഥാന സൗകര്യ വികസനത്തിന് 100 ലക്ഷം കോടി രൂപ

* 2024ന് മുൻപ് 6,000 കിലോമീറ്റർ ദേശീയപാത നിർമിക്കും

* വ്യവസായ മേഖലയ്ക്ക് 27,300 കോടി

* എല്ലാ ജില്ലകളിലും എയർപോർട്ട് ഹബ്ബുകൾ

* മൊബൈൽ ഫോൺ നിർമാണത്തിന് പ്രത്യേക പരിഗണന

* ഇലക്ട്രോണിക് നിർമാണ മേഖലയിൽ ഉത്പാദനം വർധിപ്പിക്കും



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K