31 January, 2020 09:57:32 PM


കൊറോണ വൈറസ്: എല്ലാത്തരം മാസ്കുകളുടെ കയറ്റുമതിയും ഇന്ത്യ നിരോധിച്ചു



ദില്ലി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ റെസ്പിറേറ്ററി മാസ്കുകൾ ഉൾപ്പെടെ എല്ലാത്തരം വ്യക്തി സുരക്ഷ ഉപകരണങ്ങളുടെയും കയറ്റുമതി നിരോധിച്ച് ഇന്ത്യ. വെള്ളിയാഴ്ചയാണ് നിരോധനം ഏർപ്പെടുത്തിയത്. ഇന്ത്യയിൽ രോഗബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വരും ദിവസങ്ങളില്‍ ഇത്തരം ഉപകരണങ്ങൾക്ക് ആവശ്യമേറുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

വായുജന്യ രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങളുടെ കയറ്റുമതി ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അടിയന്തര പ്രാധാന്യത്തോടെ ഉത്തരവിറക്കി. എന്‍-95 മാസ്‌കുകള്‍, തുണികള്‍,സര്‍ജിക്കല്‍ മാസ്‌കുകള്‍ തുടങ്ങിയവ ഇതിലുള്‍പ്പെടും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള മാസ്‌ക് കയറ്റുമതിയില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.


യഥാര്‍ഥ വിലയേക്കാള്‍ പത്തിരട്ടി കൂടുതല്‍ വിലയ്ക്കാണ് ഈ മാസ്‌കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കയറ്റുമതി ചെയ്തത്. ഇത് തുടര്‍ന്നാല്‍ ആവശ്യമുള്ളപ്പോള്‍ രാജ്യത്ത് മാസ്‌കുകള്‍ക്ക് ക്ഷാമം നേരിടുമെന്ന കാര്യം ഓള്‍ ഇന്ത്യ ഫുഡ് ആന്റ് ഡ്രഗ് ലൈസന്‍സ് അഡ്മിനിസ്‌ട്രേഷന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയായിരുന്നു നിരോധനം നടപ്പാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K