29 January, 2020 10:11:21 AM
ഗവർണറെ സഭയിൽ തടഞ്ഞ് പ്രതിപക്ഷം; സ്പീക്കർ വാച്ച് ആന്റ് വാർഡിനെ വിളിച്ച് പ്രതിപക്ഷത്തെ നീക്കി
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നിയമസഭയിൽ തടഞ്ഞ പ്രതിപക്ഷത്തെ സ്പീക്കർ ബലംപ്രയോഗിച്ച് നീക്കി. വാച്ച് ആന്റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷ അംഗങ്ങളെ നീക്കുകയായിരുന്നു. ഇതിനുശേഷം പ്രതിപക്ഷം നയപ്രഖ്യാപനം ബഹിഷ്കരിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയി. സഭയ്ക്കു പുറത്ത് പ്രതിപക്ഷ അംഗങ്ങൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഏഴു മിനിറ്റോളം ഗവർണറും മുഖ്യമന്ത്രിയും ഉൾപ്പെടെയുമുള്ളവരെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞുവച്ചു. ഇതിനുശേഷമാണ് വാച്ച് ആന്റ് വാർഡിനെ ഉപയോഗിക്കാൻ സ്പീക്കർ തീരുമാനിച്ചത്. നടുത്തളത്തിൽ കിടന്ന് പ്രതിഷേധിച്ച അൻവർ സാദത്തിനെ വാച്ച് ആന്റ് വാർഡ് എടുത്ത് കൊണ്ടുപോവുകയായിരുന്നു. ഗവർണറെ വാച്ച് ആന്റ് വാർഡ് വലയത്തിൽ സുരക്ഷിതമായി ഇരിപ്പിടത്തിൽ എത്തിച്ചു. പ്രതിഷേധത്തിന് എത്തിയ പ്രതിപക്ഷാംഗങ്ങളെ വലിച്ചിഴച്ച് മാറ്റുകയും ചെയ്തു. നയപ്രഖ്യാപനപ്രസംഗത്തിനായി എത്തവെ നടുത്തളത്തിൽവച്ചാണ് ഗവർണറെ പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞത്.
മുഖ്യമന്ത്രിക്കും സ്പീക്കർക്കും ഒപ്പം നിൽക്കുന്പോഴാണു പ്രതിപക്ഷം ഗവർണറെ തടഞ്ഞത്. ഗവർണർ പ്രധാന കവാടത്തിനു മുന്നിൽ നിൽക്കുന്പോൾത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചിരുന്നു. ഗവർണർ സഭയിലേക്ക് എത്തിയപ്പോൾ പ്രതിപക്ഷം വഴിതടഞ്ഞു മുദ്രാവാക്യം വിളിച്ചു. ഗവർണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനറും പ്രതിപക്ഷം ഉയർത്തി. സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാർലമെന്ററി കാര്യമന്ത്രിയും അടക്കമുള്ളവരാണു നിയമസഭാ മന്ദിരത്തിലെത്തിയ ഗവർണറെ സ്വീകരിച്ചത്. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷമാണ് ഗവർണർ സഭയിലേക്ക് എത്തുന്നത്