07 January, 2020 02:16:32 PM


ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; കടകൾ തുറക്കുമെന്ന് വ്യാപാരികള്‍




തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി 12 മണി മുതൽ ബുധനാഴ്ച രാത്രി 12 വരെ. സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ പങ്കെടുക്കും. ബി.എം.എസ്. ഒഴികെ പത്ത് ദേശീയ തൊഴിലാളി യൂണിയനുകളും കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്, ഇൻഷുറൻസ്, ബി.എസ്.എൻ.എൽ. ജീവനക്കാരുടെയും സംഘടനകൾ ചേർന്നാണ് പണിമുടക്ക് ആഹ്വാനം ചെയ്തത്. വിമാനത്താവള, വ്യവസായ, തുറമുഖ തൊഴിലാളികളും പണിമുടക്കും. കർഷകരും കർഷകത്തൊഴിലാളികളും ബുധനാഴ്ച ഗ്രാമീണ ഹർത്താലിന് ആഹ്വാനംചെയ്തിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.

അവശ്യസർവീസുകൾ, ആശുപത്രി, പാൽ, പത്രവിതരണം, വിനോദസഞ്ചാരമേഖല, ശബരിമല തീർഥാടനം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. തൊഴിലാളികളുടെ കുറഞ്ഞ വേതനം മാസം 21,000 രൂപയാക്കുക, പൊതുമേഖലാ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തൊഴിൽനിയമങ്ങൾ ഭേദഗതി ചെയ്യരുത് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പണിമുടക്ക്. വിവിധ തൊഴിലാളി യൂണിയനുകളെ പ്രതിനിധാനം ചെയ്ത് എളമരം കരീം, ആർ. ചന്ദ്രശേഖരൻ, ഉദയഭാനു, അഹമ്മദ്കുട്ടി ഉണ്ണികുളം, സോണിയാ ജോർജ്, ബാബു ദിവാകരൻ, വി.ആർ. പ്രതാപൻ, വി. ശിവൻകുട്ടി എന്നിവർ പത്രസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.


അതേസമയം,  ദേശീയ പണിമുടക്കിൽ കച്ചവടക്കാർ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ പറഞ്ഞു. കടകൾ തുറക്കും. വ്യാപാരികളുമായി ബന്ധമില്ലാത്തതാണ് പണിമുടക്ക്. വ്യാപാരികളുടെ സംരക്ഷണം പണിമുടക്കിൽ ഉൾപ്പെടുത്തണമായിരുന്നു. തുറക്കുന്ന കടകൾക്ക് സംരക്ഷണം നൽകണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടി.നസറുദ്ദീൻ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K