16 December, 2019 03:43:12 PM
റിലയന്‍സ് ഹോം ഫിനാന്‍സ്: ബാധ്യത തീര്‍ക്കാനുള്ളത് 20,000 പേര്‍ക്ക്, 3,000 കോടി രൂപയുടെ ബാധ്യത
മുംബൈ: മറ്റൊരു ഭവന വായ്പ ധനകാര്യ സ്ഥാപനംകൂടി കടക്കെണി ഭീഷണിയില്‍. വ്യക്തികള്‍ ഉള്‍പ്പടെ 20,000 ഓളം പേര്‍ നിക്ഷേപം നടത്തിയിട്ടുള്ള റിലയന്‍സ് ഹോം ഫിനാന്‍സാണ് 3,000 കോടി രൂപയുടെ ബാധ്യത വരുത്തിയിട്ടുള്ളത്.
നിപ്പോണ്‍ മ്യൂച്വല്‍ ഫണ്ട്, എസ്ബിഐ മ്യൂച്വല്‍ ഫണ്ട്, ഇന്ത്യന്‍ അയേണ്‍ ആന്‍ഡ് സ്റ്റീല്‍ പിഎഫ്, ഓറിയന്‍റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, ഇമാമി ഗ്രൂപ്പ് സ്ഥാപനമായ ഫ്രാങ്ക് റോസ്, നബാഡ്, മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥാപനമായ എസ്‌ഐസിഒഎം തുടങ്ങിയ കമ്പനികളും വ്യക്തികളുമാണ് റിലയന്‍സിന്‍റെ കടപ്പത്രത്തില്‍ നിക്ഷേപിച്ചിട്ടുള്ളത്.
കടപ്പത്രത്തിന് നേരത്തെ എഎ പ്ലസ് റേറ്റിങ് ഉണ്ടായിരുന്നു. പ്രമുഖ റേറ്റിങ് ഏജന്‍സിയായ കെയര്‍ ആര്‍എച്ച്‌എഫ്‌എലിന്‍റെ അംഗീകാരം 'ഡി' (കടംവീട്ടാന്‍ കഴിയാത്ത)വിഭാഗത്തിലേയ്ക്ക് താഴ്ത്തിയിരുന്നു.
2016 ഡിസംബറിലാണ് കമ്പനി കടപ്പത്രം പൊതുവിപണിയിലിറക്കിയത്. അടുത്ത ജനുവരിയിലാണ് ആദ്യ സീരീസിലുള്ള കടപ്പത്രങ്ങളുടെ കാലാവധി പൂര്‍ത്തിയാകുന്നത്. അതോടെ നിക്ഷേപകര്‍ക്ക് മുതലും പലിശയും കമ്പനി കൊടുത്തുതീര്‍ക്കേണ്ടതുണ്ട്.
കനത്ത ബാധ്യതയെതുടര്‍ന്ന് വായ്പ നല്‍കുന്ന ബിസിനസ് നിര്‍ത്തുകയാണെന്ന് അനില്‍ അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസംബറോടെ ബാധ്യതതീര്‍ത്ത് പിന്മാറാനായിരുന്നു തീരുമാനം.