05 December, 2019 03:58:16 PM


ബാങ്ക് നിക്ഷേപകര്‍ക്ക് ആശ്വസിക്കാം: പലിശ നിരക്ക് തല്‍ക്കാലം കുറയില്ല



അഞ്ചുതവണ കുറച്ചശേഷം റിപ്പോ നിരക്ക് താഴ്ത്തുന്നത് റിസര്‍വ് ബാങ്ക് തല്‍ക്കാലം നിര്‍ത്തിവെച്ചു. തുടര്‍ച്ചയായി ഒരുവര്‍ഷത്തോളം പലിശ നിരക്ക് കുറയുന്നത് കണ്ട് മനംമടുത്ത ബാങ്ക് നിക്ഷേപകര്‍ക്ക് ആശ്വസിക്കാന്‍ വകയുണ്ട്.

നിരക്ക് കുറയ്ക്കലിന് താല്‍ക്കാലിക വിരമാമിട്ടതോടെ പലിശ കുറയ്ക്കുന്നതും ബാങ്കുകള്‍ ഉപേക്ഷിക്കും. നിലവില്‍ 5.15 ശതമാനമാണ് റിപ്പോ നിരക്ക്. റിവേഴ്‌സ് റിപ്പോ നിരക്കാകട്ടെ 4.90 ശതമാനവും.

ഇതിനുമുമ്പത്തെ വായ്പ നയ അവലോകനത്തില്‍ റിപ്പോ നിരക്കില്‍ 0.25 ശതമാനമാണ് കുറവുവരുത്തിയത്. 2019 ഫെബ്രുവരി മുതല്‍ ഇതുവരെ 1.35 ശതമാനമാണ് കുറച്ചത്.

ഇതിന് ആനുപാതികമായി ഫെബ്രുവരി-നവംബര്‍ കാലയളവില്‍ ബാങ്കുകള്‍ സ്ഥിര നിക്ഷേപത്തിന്‍റെ പലിശയില്‍ 47 ബേസിസ് പോയന്‍റിന്‍റെ കുറവാണ് വരുത്തിയത്. ബാങ്കുകള്‍ റിപ്പോ നിരക്കുമായി പലിശ നിരക്ക് ബന്ധിപ്പിച്ചതിനെതുടര്‍ന്നാണിത്.

റിപ്പോ നിരക്കിലും റിവേഴ്‌സ് റിപ്പോ നിരക്കിലും മാറ്റംവരുത്താത്തതിനാല്‍ നിലവുള്ള പലിശ നിലനിര്‍ത്താന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാകും.

നവംബറില്‍ പരിഷ്‌കരിച്ച നിരക്ക് പ്രകാരം എസ്ബിഐ ഒരുവര്‍ഷത്തെ നിക്ഷേപത്തിന് നല്‍കുന്ന പലിശ 6.25 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്കാകട്ടെ 6.75ശതമാനവുമാണ്. കഴിഞ്ഞ ഓഗസ്റ്റിലാകട്ടെ ഇത് യഥാക്രമം 6.8ശതമാനവും 7.3 ശതമാനവുമായിരുന്നു. മൂന്നുമാസംകൊണ്ട് 0.50ശതമാനമാണ് പലിശനിരക്കില്‍ കുറവുണ്ടായത്.

ചെറുനിക്ഷേപ പദ്ധതികളായ പോസ്റ്റ് ഓഫീസ് ടേം ഡെപ്പോസിറ്റ്, സീനിയര്‍ സിറ്റിസണ്‍സ് സ്‌കീം എന്നിവയുമായി താരതമ്യം ചെയ്യുമ്ബോള്‍ ബാങ്ക് പലിശ കുറവായിരുന്നു.

ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കില്‍ സര്‍ക്കാര്‍ മാറ്റമൊന്നും വരുത്തിയില്ല. ടേം ഡെപ്പോസിറ്റിനാകട്ടെ 6.9ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയ്ക്കാണ് പലിശ. മൂന്നുമാസത്തിലൊരിക്കല്‍ പലിശ വാങ്ങുകയും ചെയ്യാം. സീനിയര്‍ സിറ്റിസണ്‍ സ്‌കീമിനാകട്ടെ 8.6 ശതമാനവുമാണ് പലിശ.

ബാങ്കില്‍ നിക്ഷേപം നടത്തിയിട്ടുള്ളവര്‍ക്ക് പെട്ടന്നൊരു പലിശകറയ്ക്കല്‍ ഭീഷണി തല്‍ക്കാലം ഇല്ലെന്നുതന്നെ പറയാം. അതുകൊണ്ട് മറ്റുവഴികള്‍ അന്വേഷിക്കേണ്ടിവരില്ല


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K