27 November, 2019 11:48:04 AM
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു
ഏറ്റുമാനൂര്‍: ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്‍റെ പുതിയ ശാഖ ഏറ്റുമാനൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. പാലാ റോഡില്‍ സെന്‍റ് മേരീസ് ബില്‍ഡിംഗ്സില്‍ പുതിയ ശാഖയുടെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷന്‍ ജോര്‍ജ് പുല്ലാട്ട് നിര്‍വ്വഹിച്ചു. ബാങ്കുകളുടെ എണ്ണം പെരുകും തോറും സാധാരണക്കാരന് ഇടപാടുകള്‍ സുതാര്യമാകുമെന്ന് ജോര്‍ജ് പുല്ലാട്ട് പറഞ്ഞു. ഇതര ബാങ്കുകളേക്കാള്‍ ഒട്ടേറെ സവിശേഷതകള്‍ അവകാശപ്പെടുന്ന ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഏറ്റുമാനൂരിന് ഒരു മുതല്‍ക്കൂട്ടാമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമാനം പടര്‍ന്നു പന്തലിച്ചുകിടക്കുന്ന ഇന്‍ഡുജ ഗ്രൂപ്പിന്‍റെ ഈ സംരംഭം ഏറ്റുമാനൂരിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും ഗുണകരമായിതീരുമെന്ന് എടിഎം കൌണ്ടര്‍ ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് എന്‍.പി.തോമസ് പറഞ്ഞു. സുനില്‍ സെബാസ്റ്റ്യന്‍ ലോക്കര്‍ സംവിധാനവും സ്കറിയാ സെബാസ്റ്റ്യന്‍ ശാഖാ മാനേജരുടെ കാബിനും സലീമ ജോസഫ് പണമിടപാടുകളുടെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
കോട്ടയം ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷത്തിനു മുമ്പേ അഞ്ച് ശാഖകള്‍ കൂടി ഉദ്ഘാടനം ചെയ്യപ്പെടുമെന്ന് ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് റീജനല്‍ ഹെഡ് മധു മാത്യുസ് തന്‍റെ ആമുഖപ്രസംഗത്തില്‍ അറിയിച്ചു. ഉഴവൂര്‍, വൈക്കം, പാലാ, കളത്തിപ്പടി, പുതുപ്പള്ളി എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇതോടെ കേരളത്തില്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യം 33 ശാഖകള്‍ എന്നുണ്ടായിരുന്നത് നേരെ ഇരട്ടിയായി 66 ശാഖകള്‍ എന്ന നിലവാരത്തിലേക്ക് എത്തിചേരുമെന്നും അദ്ദേഹം വെളിപ്പെടുത്തി. നഗരസഭാ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഗണേശ് ഏറ്റുമാനൂര്‍, ശാഖാ മാനേജര്‍ രാഹുല്‍ എസ്.രാജന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.