23 November, 2019 10:22:29 PM
പാചകവാതകം: ബില്‍ നിര്‍ബന്ധമാക്കി; പാസ് ബുക്കില്‍ ഗ്യാസ് വിലയും ബില്‍ നമ്പരും രേഖപ്പെടുത്തണം
കോട്ടയം: പാചക വാതക ഉപഭോക്താക്കളുടെ പാസ് ബുക്കില്‍ സിലിന്‍ഡറിന്‍റെ വിലയും ബില്‍ നമ്പരും കൃത്യമായി രേഖപ്പെടുത്തണമെന്ന് നിര്‍ദേശം. കളക്ട്രേറ്റില്‍ ചേര്‍ന്ന എല്‍.പി.ജി ഓപ്പണ്‍ ഫോറത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ മോന്‍സി. പി. അലക്സാണ്ടറാണ് ഏജന്‍സികള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വില രേഖപ്പെടുത്തിയ ബില്‍ ഉപഭോക്താക്കള്‍ക്ക് ഏജന്‍സികള്‍ നിര്‍ബന്ധമായും നല്‍കണം. ഇത് ഓയില്‍ കമ്പനികള്‍ ഉറപ്പു വരുത്തണം.
പാചക വാതക സിലിന്‍ഡറുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കണം. റോഡരുകിലും കടകളിലും ഇറക്കി വെച്ചു നല്‍കുന്നത് നിയമ വിരുദ്ധമാണ്. ഇപ്രകാരം വിതരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വിതരണത്തിലെ ക്രമക്കേടുകള്‍, അമിത വില ഈടാക്കല്‍, പിടിച്ചെടുത്ത സിലന്‍ഡറുകള്‍ സൂക്ഷിക്കുന്നതിനുള്ള പ്രശ്നങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികള്‍ ഫോറം ചര്‍ച്ച ചെയ്തു. താലൂക്ക് തലത്തില്‍ പരാതി പരിഹാര യോഗങ്ങള്‍ സംഘടിപ്പിക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നര്‍ദേശം നല്‍കി.
സിലിന്‍ഡറിന്‍റെ വില മാസാരംഭത്തില്‍തന്നെ ഓയില്‍ കമ്പനികള്‍ ജില്ലാ -താലൂക്ക് സപ്ലൈ ഓഫീസര്‍മാരെ അറിയിക്കണമെന്നും ഡെപ്യൂട്ടി കളക്ടര്‍ പറഞ്ഞു. ഗാര്‍ഹിക ആവശ്യത്തിനുള്ള ഗ്യാസ് ശവസംസ്കാരത്തിന് ഉപയോഗിക്കുന്നതായുള്ള പരാതിയില്‍ പരിശോധന നടത്തുന്നതിന് പോലീസ്, സിവില്‍ സപ്ലൈസ് വകുപ്പുദ്യോഗസ്ഥരും ഓയില്‍ കമ്പനി പ്രതിനിധികളും അടങ്ങുന്ന സംയുക്ത സ്ക്വാഡിന് രൂപം നല്‍കി. ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതല വഹിക്കുന്ന മിനി ടി. ഏബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.