22 November, 2019 12:33:06 PM
ഡിസംബര്‍ ഒന്നു മുതല്‍ ഫാസ്ടാഗ് ഇല്ലെങ്കിലും ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നുപോകാം; പക്ഷേ പണികിട്ടും
ദില്ലി: ഇനി ഫാസ്ടാഗ് ഇല്ലെങ്കിലും ടോള്‍ പ്ലാസകളിലെ ഫാസ്ടാഗ് ട്രാക്കിലൂടെ കടന്നുപോകാം. പക്ഷേ ഒരു നിബന്ധനയുണ്ട്. അത്തരം വാഹനങ്ങള്‍ക്ക് നിലവിലെ ടോള്‍ തുകയുടെ ഇരട്ടിയാണ് ഈടാക്കുക. ഡിസംബര്‍ ഒന്നു മുതല്‍ ദേശീയപാതയിലെ ടോള്‍ പിരിവ് ഫാസ്ടാഗ് അടിസ്ഥാനത്തിലായിരിക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും രണ്ടു വശങ്ങളിലേക്കും നാല് ട്രാക്കുകള്‍ വീതം ഫാസ്ടാഗ് ആക്കണമെന്നാണ് നിര്‍ദേശം.
ഈ ട്രാക്കിലൂടെ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്ബോള്‍ ബാരിക്കേഡ് സ്വയം വീഴും. അപ്പോള്‍ കൗണ്ടറില്‍ യഥാര്‍ഥ ടോള്‍ തുകയുടെ ഇരട്ടിത്തുക നല്‍കേണ്ടിവരും. ടോള്‍ പണമായി അടച്ച് പോകുന്നവര്‍ക്കായി പാതയുടെ ഇരുവശത്തും ഒരോ ട്രാക്കുകള്‍ ഉണ്ടാകും. ഇതിലൂടെ യഥാര്‍ഥ ടോള്‍ നല്‍കി സഞ്ചരിക്കാം. ദേശീയതലത്തില്‍ 537 ടോള്‍ പ്ലാസകളിലാണ് ഫാസ്ടാഗ് സംവിധാനം നടപ്പില്‍ വരികയെന്നും മന്ത്രി വ്യക്തമാക്കി.