17 November, 2019 12:16:34 AM
ത്രൈമാസനഷ്ടം 30,142 കോടി; പാപ്പര്‍ നടപടിയിലായ ആര്കോമില്നിന്നു അനില്‍ അംബാനി രാജിവച്ചു
മുംബൈ: പാപ്പര്‍ നടപടിയിലായ റിലയന്‍സ് കമ്യുണിക്കേഷന്സിലെ (ആര്‍കോം) ഡയറക്ടര്‍ സ്ഥാനം അനില്‍ അംബാനി രാജിവച്ചു. പാപ്പരായ കമ്പനിയുടെ ആസ്തികള്‍ വിറ്റുതീര്‍ക്കുന്ന നടപടി പുരോഗമിക്കുന്നതിനിടെയാണ് ഇത്. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് കമ്പനിക്കു വന്‍ ബാധ്യത വന്നുചേര്‍ന്ന സാഹചര്യത്തിലാണ് മുന്‍ ചെയര്‍മാനായ അനില്‍ അംബാനിയും നാലു ഡയറക്ടര്‍മാരും രാജി സമര്‍പ്പിച്ചത്.
കമ്പനിക്ക് സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസം 30,142 കോടി രൂപയാണ് നഷ്ടം. ഒരു വര്‍ഷം മുമ്പ് ഇതേ ത്രൈമാസം 1142 കോടി രൂപ ലാഭമുണ്ടായിരുന്നു. ടെലികോം കമ്പനികളുടെ മൊത്തവരുമാനത്തില്‍ വരിക്കാര്‍ നല്കുന്ന പണത്തിനു പുറമേ പരസ്യവരുമാനവും വേറെ വരുമാനങ്ങളും പെടുത്തണമെന്ന സുപ്രീംകോടതി വിധിയാണ് ആര്‍കോമിനും പ്രശ്നമായത്. ഈ വിധിയെത്തുടര്‍ന്ന് സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ആര്‍കോം 28,314 കോടിയുടെ ബാധ്യത കണക്കില്‍പ്പെടുത്തി. അങ്ങനെയാണ് നഷ്ടം 30,142 കോടിയായത്.
വോഡഫോണ്‍ ഐഡിയ സെപറ്റംബര്‍ ത്രൈമാസത്തില്‍ കാണിച്ച 50,921 കോടിയുടെ നഷ്ടം കഴിഞ്ഞാല്‍ ഇന്ത്യന്‍ കോര്‍പറേറ്റ് ചരിത്രത്തിലെ രണ്ടാമത്തെ വലിയ നഷ്ടമാണ് ആര്കോമിന്റേത്. മൂന്നാം സ്ഥാനത്തുള്ള ടാറ്റ മോട്ടോഴ്സിന് 2018 ഡിസംബര്‍ ത്രൈമാസത്തില്‍ 26,961 കോടിയാണ് നഷ്ടം. അതിനു പിന്നില്‍ ഭാരതി എയര്‍ടെലിന്റെ സെപ്റ്റംബര്‍ ത്രൈമാസത്തിലെ 23,045 കോടിയുടെ നഷ്ടം വരും.