06 November, 2019 07:46:24 PM
കെ-ഫോണ്‍: 1548 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതി; പാവപ്പെട്ടവര്‍ക്ക് സൗജന്യ അതിവേഗ ഇന്‍റര്‍നെറ്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്‍റര്‍നെറ്റ് ശൃംഖല ശക്തിപ്പെടുത്താനും പാവപ്പെട്ട ഇരുപതു ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കാനും ലക്ഷ്യമിടുന്ന കെ-ഫോണ്‍ പദ്ധതിക്ക് ഭരണാനുമതി നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൗജന്യം ലഭിക്കാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഗുണമേന്മയുള്ള ഇന്‍റര്‍നെറ്റ് കണക്ഷന്‍ ഇതുവഴി ലഭിക്കും. പൗരന്മാരുടെ അവകാശമായി ഇന്‍റര്‍നെറ്റ് പ്രഖ്യാപിച്ച കേരളം, എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് എന്ന ലക്ഷ്യം നേടുന്നതിനാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ മൊത്തം ചെലവ് 1548 കോടി രൂപയാണ്. കിഫ്ബി ധനസഹായം ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുക.
സംസ്ഥാനത്ത് ശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സ്ഥാപിച്ച് അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്‍റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യത്തിനാണ് പദ്ധതിയുടെ ടെണ്ടര്‍ നല്‍കിയത്.
2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ നല്ല നിലയില്‍ ജനങ്ങളില്‍ എത്തിക്കാന്‍ കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന് കെ-ഫോണുമായി സഹകരിക്കാന്‍ അവസരമുണ്ടാകും. പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. വിദ്യാഭ്യാസ രംഗത്ത് ഈ പദ്ധതി ഗുണപരമായ മാറ്റങ്ങളുണ്ടാക്കും.
സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പിന് ഇതു വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ വലിയ വികസന സാധ്യത തെളിയും. മുപ്പതിനായിരത്തിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അതിവേഗ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും. സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാന്‍ കഴിയും. ഇ-ഹെല്‍ത്ത് പോലുള്ള പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കാനാകും. ഐ.ടി. പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയ കേന്ദ്രങ്ങളിലേയ്ക്ക് ഹൈസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.
ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സ് വഴി വില്‍പ്പന നടത്താം. ഉയര്‍ന്ന നിലവാരമുള്ള വീഡിയോ കോണ്‍ഫറന്‍സിംഗ് സൗകര്യം, ഗതാഗതമേഖലയില്‍ മാനേജ്മെന്‍റ് കാര്യക്ഷമമാക്കല്‍ തുടങ്ങിയവയും ഈ പദ്ധതിയിലൂടെ സാധ്യമാകും. നിലവില്‍ മൊബൈല്‍ ടവറുകളില്‍ ഏതാണ്ട് 20 ശതമാനം മാത്രമേ ഫൈബര്‍ നെറ്റ് വര്‍ക്കുവഴി ബന്ധിപ്പിച്ചിട്ടുള്ളൂ. കെ-ഫോണ്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ മൊബൈല്‍ ടവറുകളും ഫൈബര്‍ ശൃംഖലവഴി ബന്ധിപ്പിക്കാനാകും. ഇതുവഴി ഇന്‍റര്‍നെറ്റ്, മൊബൈല്‍ സേവന ഗുണമേന്മ വര്‍ധിപ്പിക്കാന്‍ കഴിയും.