27 October, 2019 09:21:11 AM
രൂപയുടെ മൂല്യം ഇനിയും ഇടിയും; റിസര്‍വ് ബാങ്ക് 22,680 കോടി രൂപയുടെ കരുതല്‍ സ്വര്‍ണം വിറ്റു
ദില്ലി: റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ രണ്ട് ഘട്ടങ്ങളിലായി 315 കോടി ഡോളറിന്‍റെ (22,680 കോടി രൂപ) സ്വര്‍ണം വിറ്റഴിച്ചു. 2018-19ല്‍ 200 കോടി ഡോളറിന്‍റെയും ഈ വര്‍ഷം ഇതുവരെ 115 കോടി ഡോളറി (8280 കോടി രൂപ) ന്‍റെയും. ദീര്‍ഘകാലത്തിനുശേഷമാണ് റിസര്‍വ് ബാങ്ക് സ്വര്‍ണം വില്‍ക്കുന്നത്.
സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ 1991ല്‍ 67 ടണ്‍ സ്വര്‍ണം യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലന്‍ഡിലും ബാങ്ക് ഓഫ് ഇംഗ്ലണ്ടിലും പണയംവച്ചു. വിദേശനാണയ കരുതല്‍ശേഖരത്തില്‍ വന്ന വന്‍ ഇടിവ് മറികടക്കാനാണ് അന്നത്തെ പണയം. ഈ നടപടി അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ചതാണ്. അച്ചടിക്കുന്ന കറന്‍സിയുടെ മൂല്യം ഉറപ്പാക്കാന്‍ ആനുപാതികമായി ആര്‍ബിഐ സ്വര്‍ണശേഖരം സൂക്ഷിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം കറന്‍സിക്ക് മൂല്യം കുറയും. ആഗോളധനപ്രതിസന്ധി ഘട്ടമുണ്ടായാല്‍ നേരിടാനും കരുതല്‍ശേഖരം അനിവാര്യമാണ്.
ആഗോളമാന്ദ്യം ശക്തിപ്രാപിക്കെ കരുതല്‍ശേഖരം ദുര്‍ബലപ്പെടുത്തരുതെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരുതല്‍ശേഖരം കുറയ്ക്കണമെന്ന് ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശ വിവാദമായിരുന്നു. കേന്ദ്രസര്‍ക്കാരിന് കരുതല്‍ ധനത്തില്‍ നിന്നും റിസര്‍വ് ബാങ്ക് 1.76 ലക്ഷം കോടി കൈമാറിയതിനു പിന്നാലെയാണ് സ്വര്‍ണവില്പന വാര്‍ത്ത പുറത്തുവരുന്നത്.