10 October, 2019 10:04:34 PM
മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരുടെ സമരം ഒത്തുതീര്‍ന്നു; വെള്ളിയാഴ്ച മുതല്‍ 611 ശാഖകളും പ്രവര്‍ത്തിക്കും
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍ 52 ദിവസമായി നടത്തിവന്ന പണിമുടക്ക് സമരം ഒത്തുതീര്‍ന്നു. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികളും ജീവനക്കാരുടെ സംഘടനയുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ മാനേജ്‌മെന്റ് പ്രതിനിധികളും മുത്തൂറ്റ് ഫിനാന്‍സ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ (സിഐടിയു) പ്രതിനിധികളും ഒപ്പുവച്ചു. ഇതേത്തുടര്‍ന്ന് സമരം പിന്‍വലിക്കാനും തീരുമാനിച്ചു.
വേതന വര്‍ധന സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേജസ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വിധേയമായി നടപ്പാക്കും. ഇടക്കാല വര്‍ധനയായി പ്രതിമാസം 500 രൂപ എല്ലാ ജീവനക്കാര്‍ക്കും ഒക്ടോബര്‍ മുതല്‍ ലഭിക്കും. സമരത്തിന്‍റെ ഭാഗമായി പിരിച്ചുവിട്ടവരെയും സസ്‌പെന്‍റ് ചെയ്തവരെയും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. പണിമുടക്ക് പിന്‍വലിച്ചതിനാല്‍ സംസ്ഥാനത്തെ 611 ബ്രാഞ്ചുകളും വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ആഗസ്ത് 20 മുതലാണ് നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷ(സിഐടിയു) ന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
ഹൈക്കോടതി നിരീക്ഷകന്‍ അഡ്വ. ലിജി വടക്കേടം ചര്‍ച്ചക്ക് നേതൃത്വം നല്‍കി. അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍മാരായ ബിച്ചു ബാലന്‍, കെ ശ്രീലാല്‍, പി രഞ്ജിത് മനോഹര്‍, ആര്‍ ഹരികുമാര്‍ എന്നിവരും സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള , സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ്, ജില്ലാ സെക്രട്ടറി സി കെ മണി ശങ്കര്‍ , നൊണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി സി രതീഷ് , നിഷ കെ ജയന്‍ , മായ എസ് നായര്‍ ,ശരത് ബാബു എന്നിവരും മാനേജ്‌മെന്റിനു വേണ്ടി ജനറല്‍ മാനേജര്‍ സി വി ജോണ്‍ , തോമസ് ജോണ്‍ , ലിജു എം ചാക്കോ എന്നിവരും പങ്കെടുത്തു.