07 October, 2019 12:35:39 AM
'രാജാക്കന്മാര്‍' വിലസുന്ന ഇന്ത്യന്‍ കോഫി ഹൗസില്‍ ഇനി 'റാണി'മാരും
കൊച്ചി: 'രാജാക്കന്മാര്‍' വിലസുന്ന ഇന്ത്യന്‍ കോഫി ഹൗസില്‍ ഇനി 'രാജ്ഞി'മാരും. ഇന്ത്യന്‍ കോഫി ഹൗസില്‍ ഭക്ഷണം വിളമ്പാന്‍ ഇനി മുതല്‍ വനിതകളുമുണ്ട്. വിളമ്പുക മാത്രമല്ല പാചകം ചെയ്യാനും ഇനി ഇവരുണ്ടാകും. രണ്ടു വനിതകളാണ് വ്യാഴാഴ്ച മുതല്‍ ചാലക്കുടി ഇന്ത്യന്‍ കോഫി ഹൗസില്‍ ചുമതലയേറ്റത്. ആശ്രിത നിയമനം വഴി പുത്തന്‍ചിറ കുന്നത്തുപള്ളി കെ എം പ്രിയ, അവിട്ടത്തൂര്‍ കദളിക്കാട്ടില്‍ രേഖ ബാബുട്ടന്‍ എന്നിവരാണ് തൊഴിലാളികളായത്.
നിലവില്‍ 26 ജീവനക്കാരാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോഴത് 28ആയി ഉയര്‍ന്നു. ജനറല്‍ വര്‍ക്കര്‍ കാറ്റഗറിയിലാണ് ഇവരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 18 മാസത്തെ പരിശീലനത്തിനു ശേഷം ബന്ധപ്പെട്ട വകുപ്പുകളില്‍ സ്ഥിരപ്പെടുത്തും. രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് പ്രവര്‍ത്തന സമയം. ഇന്ത്യന്‍ കോഫി ഹൗസിന്റെ തൃശൂര്‍ സൊസൈറ്റിയുടെ കീഴില്‍ ഏഴു വനിതകളെയാണ് നിയമിച്ചിട്ടുള്ളത്. തിരുവനന്തപുരം കാന്റീനില്‍ രണ്ടും കൊട്ടാരക്കരയില്‍ ഒന്നും ചേര്‍ത്തലയില്‍ രണ്ടും വനിതകളുണ്ട്. ആശ്രിത നിയമനത്തിന് 87പേരെ ഇന്റര്‍വ്യൂ നടത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവര്‍ക്കുള്ള നിയമനവും ഉണ്ടാകും. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ തൃശൂര്‍ സൊസൈറ്റിയുടെ കീഴിലാണ്.