01 October, 2019 11:48:57 AM
കേരളത്തിലെ പൊതുമേഖലാ ബാങ്കുകളില്‍ പ്രവൃത്തിസമയമാറ്റം: ഇന്ന് മുതല്‍ വൈകിട്ട് 4 വരെ ഇടപാടുകള്‍ നടത്താം
തിരുവനന്തപുരം: കേരളത്തിലെ പൊതുമേഖലാ ബാങ്കുകളുടെ പ്രവൃത്തിസമയം ഏകീകരിച്ചു. ചൊവ്വാഴ്ച മുതല്‍ എല്ലാ ബാങ്കുകളും രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ പ്രവര്‍ത്തിക്കും. ഇതുവരെ ചില ബാങ്കുകള്‍ മൂന്നരവരെ മാത്രമേ ഇടപാടുകള്‍ നടത്തിയിരുന്നുള്ളൂ. ഉച്ചയ്ക്ക് രണ്ടുമുതല്‍ രണ്ടരവരെ ഉച്ചഭക്ഷണത്തിനുള്ള ഒഴിവുസമയമാണ്.
ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ നിര്‍ദേശപ്രകാരം സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയാണ് സമയക്രമം തീരുമാനിച്ചത്. സ്വകാര്യ ബാങ്കുകള്‍ക്ക് ഇത് ബാധകമല്ല. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ മൂന്നുവിധത്തിലുള്ള പ്രവൃത്തിസമയമാണ് നിര്‍ദേശിച്ചത്. രാവിലെ ഒമ്ബതുമുതല്‍ മൂന്നുവരെ, പത്തുമുതല്‍ നാലുവരെ, 11 മുതല്‍ അഞ്ചുവരെ എന്നിങ്ങനെ. ഇതില്‍ സംസ്ഥാനങ്ങള്‍ യുക്തമായത് തിരഞ്ഞെടുക്കാനായിരുന്നു നിര്‍ദേശം. കേരളത്തില്‍ ബാങ്കുകള്‍ ഇതില്‍ പത്തുമുതല്‍ നാലുവരെയുള്ള സമയം സ്വീകരിച്ചു.
ഇടപാടുകാരുടെ സൗകര്യത്തിനായി പല ബാങ്കുകളും ഉച്ചഭക്ഷണത്തിന് ഇടവേള നല്‍കിയിരുന്നില്ല. ബാങ്കുകളിലെ ഇടപാടുകള്‍ തടസ്സപ്പെടാതെ ജീവനക്കാര്‍ ഉച്ചഭക്ഷണസമയം ക്രമീകരിക്കുകയായിരുന്നു. ഇത് ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് ഉച്ചഭക്ഷണത്തിന് പ്രത്യേക ഇടവേള നല്‍കാന്‍ തീരുമാനിച്ചതെന്നും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി വ്യക്തമാക്കി.